Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Wednesday, December 12, 2012

നമുക്കും വേണ്ടേ ഒരു 6 PACK?



ഇനിയൊരല്പം തീറ്റക്കാര്യമാകാം
തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല
. ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാൺ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാൺ എന്നത് ഒരു ചാക്ക് വയറായിപ്പോകും. ആറുകട്ട മസിലും എട്ടു കട്ട മസിലൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയറ്, നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോൾ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാൻ കിട്ടുമ്പോഴൊക്കെ നോഎന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പിൽ അല്പം സെലക്ഷൻ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.ആദ്യം വയറൊതുക്കാൻ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളിൽ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോൾ ഇരട്ടിഫലം ഉറപ്പ്.

ബദാം
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോൾ ഏതൊരാള്‍ക്കും സൂപ്പർ മാര്‍ക്കറ്റുകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീൻ, നാരുകൾ, വൈറ്റമിന്‍-ഇഎന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാൽ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.ഒരാഴ്ചയ്ക്കുള്ളിൽ വ്യത്യാസമറിയാം.

മുട്ട
ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാൽ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് അടച്ചുവെച്ചതാണ് മുട്ട. പേശികൾ മുതൾ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാൻ ആവശ്യമായ പ്രോട്ടീൻ, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകൾ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാൾ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങൾ പറയുന്നു. വിദേശികൾ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കിൽ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയിൽ 213 മി. ഗ്രാം കൊളസ്‌ട്രോൾ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ
An apple a day keeps the doctor away എന്നാണ് ചൊല്ല് .അമിത വണ്ണം കുറയ്ക്കാനും ആപ്പിൾ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോൾ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാൽ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിൾ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീൻ എന്ന പദാര്‍ഥം ആപ്പിളിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്

തൈര്
ചാടിയ കുടവയറിനെ ഒതുക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിച്ച് വീർത്തിരിക്കുന്ന വയറിനെ ചുരുക്കാൻ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലുംകഴിക്കുക.

മീൻ
നോൺ വെജിറ്റേറിയന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകൾ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങൾ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങൾ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തിൽ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.  ആഹാരത്തിൽ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങൾ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.

ചോളം
അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോൾ അധികം കഴിക്കാതെ തന്നെ വയർ നിറയുകയും ചെയ്യും.

പച്ചിലക്കറികൾ
കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാൽ (കോളീഫ്ലവർ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവർ, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങൾ ആഹാരശീലങ്ങളിൽ ഉള്‍പ്പെടുത്തുക.

സ്‌ട്രോബെറി & മൾബറി
ഏറ്റവും കൂടുതൽ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാൽ ഗുണങ്ങൾ പലതാണ്. നമ്മൾ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളിൽ നിന്ന് നല്ലൊരു ഭാഗം നാരുകൾ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതൽ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങൾ നല്ല ആന്റീ ഓക്‌സിഡന്റുകൾ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.

വെജിറ്റബിൾ സൂപ്പ്
സാധാരണഗതിയിൽ സാമ്പാറിനെയാണ് നമ്മൾ വെജിറ്റബിൾ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിൾ സൂപ്പാണ്.പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കിൽ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയർ നിറയുമെന്നതിനാൽ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാതാകും.

പയറുവര്‍ഗങ്ങൾ
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കിൽ പയർ വര്‍ഗങ്ങൾ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയർ, വന്‍പയർ, ചെറുപയർ, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയർ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാൻ ആഗ്രഹിക്കുന്നവർ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്.

ഒഴിവാക്കേണ്ടവ
.അതുപോലെ തന്നെ വയർ കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട ആഹാരങ്ങളുമുണ്ട്.
പൊറോട്ട,മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങൾ, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി ഒട്ടുമിക്ക  ഭക്ഷണങ്ങളും വയറിന്റെ ശത്രുക്കളാണ്. ഭക്ഷണം കഴിഞ്ഞ് ഉടൻ ഉറങ്ങാതിരിക്കൽ. ഭക്ഷണത്തിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കൽ ഇവ ശീലമാക്കാം.  കൂടുതൽ കഴിച്ച് കുറച്ച് ജീവിക്കുന്നതിനേക്കാൾ കുറച്ച് കഴിച്ച് കൂടുതൽ ജീവിക്കുന്നതല്ലെ നല്ലത് . ജീവിതം ഒന്നല്ലേയുള്ളു. അത് സന്തോഷകരമായി കൂടുതൽ കാലം ജീവിച്ചു തീർക്കാം.

നമുക്കിങ്ങനെ പാടാം

താളും തകരേം മുമ്മാസം 
ചേനേം ചേമ്പും മുമ്മാസം
ചക്കേം മാങ്ങേം മുമ്മാസം 
അങ്ങനേം ഇങ്ങനേം മുമ്മാസം 

കടപ്പാട്