Thursday, August 16, 2012

പെൻഷനും സാമൂഹ്യ നീതിയും


‘’എനിക്ക് അറിഞ്ഞുകൂടാത്തതായി നാലുണ്ട്
ആകാശത്തിൽ കഴുകന്റെ വഴിയും
പാറമേൽ സർപ്പത്തിന്റെ  വഴിയും
സമുദ്ര മദ്ധ്യേ കപ്പലിന്റെ വഴിയും
കന്യകയോടോത്തുള്ള പുരുഷന്റെ  വഴിയും
തന്നെ’’  ………….     സദൃശ്യ വാക്യങ്ങൾ……   ബൈബിൾ

ഇപ്പോൾ കേരളത്തിലും പൊതു സമൂഹത്തിന്
അറിയാൻ പാടില്ലാത്ത അഥവാ പെട്ടന്ന് മനസ്സിലാകാത്ത
ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട് .
അതിലൊന്നാണ് ചിലർക്കു മാത്രമുള്ള
പെൻഷൻ പദ്ധതി വിവാദം.
അത് പങ്കാളിത്തമായാലും പരമ്പരാഗതമായാലും
പെൻഷൻ പെൻഷൻ തന്നെയാണ്
ജീവിതാന്ത്യത്തിൽ മനുഷ്യന് ജീവിക്കാൻ സാമ്പത്തികം കൂടിയേ തീരൂ.
രാഷ്ട്രം അത് കൊടുക്കേണ്ടതുമാണ്
എന്നാൽ ആനുകൂല്യം ചിലർക്കു മാത്രമാകുന്നതിലാണ്
മനസ്സിലാകായ്മ കിടക്കുന്നത്

ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടു പോക്കിന്
അവിടത്തെ കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും
ഉത്തരവാദിത്വം സമൂഹം തന്നെ ഏറ്റെടുക്കണം
അതായത് സർക്കാർ ഏറ്റെടുക്കണമെന്നർഥം
സർക്കാർ കമ്യൂണിസ്റ്റിന്റേതായാലും മുതലാളിത്തത്തിന്റേതായാലും
ഉത്തരവാദിത്വത്തിൽ നിന്ന് മാറിനിൽക്കാനാവില്ല .
ഇത് നിറവേറ്റാതെ ഏത് സാമൂഹ്യ നീതിയാണ് നടപ്പാവുക
നാഴികയ്ക്ക് നാല്പത് വട്ടം  സാമൂഹ്യ നീതിയേപ്പറ്റി പറയുന്നവരും
കാര്യത്തിൽ വിഭാഗീയ നിലപാടാണ് എടുക്കുന്നത്.
പെൻഷൻ പ്രായം സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതല്ല
അത് സമൂഹത്തിനാകെ വേണ്ടതാണ്
പെൻഷന്റെ സാമൂഹ്യനീതി എല്ലാവർക്കും
ഒരേ പോലെ ഉണ്ടാവുകയും വേണം .
തങ്ങളൂടെ സാധാരണ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ
എത്ര തുക വേണമൊ അത്രയും തുക അനുവദിക്കണം
ഇത് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്കും ബാധകമാക്കണം
വോട്ടവകാശം ലഭ്യമാകുന്നത് വരെ മാത്രം എന്ന്
നിജപ്പെടുത്തിയാൽ മതി .
അതിനുള്ളിൽ അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള
വിദ്യാഭ്യാസം നൽകിയിരിക്കണം .
ഇതിനു ശേഷം തൊഴിലിനൊപ്പം പഠനവും
എന്ന രീതീശാസ്ത്രം നടപ്പിലാക്കാം

എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ
ബോധപൂർവമായ നിശ്ശബ്ദത പാലിക്കുന്നു .
അഥവാ തത്വത്തിൽ പറഞ്ഞു വെയ്ക്കുന്നു
പെൻഷനുള്ള ജോലിയെന്നും പെൻഷനില്ലാത്ത ജോലിയെന്നും
തരം തിരിച്ച് മനുഷ്യരെ രണ്ടായിക്കാണുന്ന പ്രവണത
ഏത് പ്രത്യയ ശാസ്ത്രത്തിന്റെ സംഭാവനയാണെങ്കിലും നികൃഷ്ടമാണ്
സ്ഥിരവരുമാനം ഉറപ്പാക്കുന്ന തൊഴിലാണ്
സർക്കാർ ജോലി അഥവാ പെൻഷൻ ജോലി.
എന്നു വച്ചാൽ ഇതാണ് ഒന്നാമത്തെ തൊഴിലുറപ്പ് പദ്ധതി
രണ്ടാമത്തേത് ഇപ്പോൾ നിലവിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയും
(തൊഴിലുറപ്പ് തൊഴിലറപ്പാകുന്നത് മുൻപ് ചർച്ച ചെയ്തതാണ്)
രണ്ടാം വിഭാഗത്തിന് ഒരു വർഷം ലഭ്യമാകുന്ന വരുമാനം
15 ദിവസം കൊണ്ട് നേടുന്നവരാണ് ഒന്നാമത്തെ വിഭാഗം
ശരാശരി ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്ന
ഇവർ തന്നെയാണ് അധികാരത്തിന്റെ ശീതളിമയിൽ  വിരാചിക്കുന്നതും
വർഗ്ഗ സമൂഹത്തിന്റെ അധീശത്വം ഇപ്പോഴേ ഉറപ്പാക്കിയ വിഭാഗം
തങ്ങളുടെ സംഘടിത ശക്തിയിൽ സ്വന്തം ഉത്തരവാദിത്വം
എന്നേ മറന്നു കഴിഞ്ഞവരാണ്

സർക്കാർ ശമ്പളവും മുതലാളിത്ത ജീവിതവും നയിക്കുന്ന
വിഭാഗം എല്ലാക്കാലത്തും തങ്ങളുടെ സേവന വേതന
വ്യവസ്ഥകൾക്കായാണ് നിലകൊണ്ടിട്ടുള്ളത് 
ഭരണ യന്ത്രം തിരിക്കുന്ന ഇവർ ഇക്കാര്യം എന്നേ തരപ്പെടുത്തിക്കഴിഞ്ഞു
ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ചിലവിൽ
തിന്നു കൊഴുക്കുന്ന ചുരുക്കം ചിലർക്ക് വേണ്ടി
നില കൊള്ളേണ്ടതാണൊ രഷ്ട്രീയ പാർട്ടികൾ.
ആണെന്ന് വിശ്വസിക്ക വയ്യ .
ഒരു  പക്ഷെ അവർക്ക് നില നിൽക്കണമെങ്കിൽ
വിഭാഗത്തിന്റെ സഹായം ആവശ്യമാണ്
അതിനാൽ തന്നെ ആദർശത്തിന്റെ കുപ്പായം ഊരിവച്ച്
വോട്ട് രാഷ്ട്രീയത്തിന്റെ കുപ്പായം അണിയുമ്പോൾ
ഇതല്ല ഇതിലപ്പുറവും വന്നു ഭവിക്കും.
സ്ഥിര വരുമാനമുള്ളവർക്ക് പെൻഷൻ രീതി ഏതായാലും
അതില്ലാത്തവർക്ക് ഉള്ളവരോടൊപ്പം പെൻഷന് അർഹതയുണ്ടാക്കണം
അതാണ് ഇന്നത്തെ സമൂഹം ചർച്ച ചെയ്യേണ്ടത്
പെൻഷൻ വാങ്ങുന്നവർക്ക് തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തം
നിറവേറ്റേണ്ടതായ ചില പ്രവർത്തനങ്ങളിൽ
ഏർപ്പെടാൻ അവസരം നൽകുകയും വേണം
അതിനുള്ള സാദ്ധ്യതകൾ ഒരുപാടുണ്ടിവിടെ
പെൻഷനായതിനു ശേഷം വരുമാനമുള്ള തൊഴിലുകളിൽ
ഏർപ്പെടുന്നവർക്ക് പെൻഷൻ കൊടുക്കേണ്ടതുമില്ല .
വാർദ്ധക്യം സുരക്ഷിതമാകുമെങ്കിൽ പണം വാരിക്കൂട്ടാനുള്ള
ആർത്തിയും അഴിമതിയും കുറയാനുമിടയുണ്ട്.
വാർദ്ധക്യം സുരക്ഷിതമായാൽ പിന്നെ അവരെന്തിന് ഭയപ്പെടണം
ഭാവിയേപ്പറ്റി എന്തിനാശങ്കപ്പെടണം
ഇത്തരമൊന്ന് നടപ്പാക്കാൻ എന്താണ് തടസ്സമെന്നാണ് മനസ്സിലാകാത്തത്

പാതാളത്തിനും കണ്ണിനും മനുഷ്യന്റെ
ദുരാഗ്രഹത്തിനും ഒരിക്കലും തൃപ്തിവരില്ല
അവൻ എല്ലയ്പോഴും തന്റെ ഇല്ലായ്മകളേക്കുറിച്ച്
മാത്രം ചിന്തിക്കുന്നു പതം പറയുന്നു
തന്റെ നേട്ടങ്ങൾ നിലനിരുത്താൻ അവൻ ശ്രദ്ധാലുവാണ്
അതിനായി അവൻ തീർക്കുന്ന വലകളിൽ
തത്വ ശാസ്ത്രത്തിന്റെ ഈയ മണികൾ കെട്ടുന്നു
സാധാരണ മനുഷ്യർക്ക്  മനസ്സിലാകാത്ത ഒന്നു തന്നെയാണ് ഇതും