Monday, July 21, 2014

മത നിരപേക്ഷകത ചില അനുഭവ പാഠങ്ങൾ



മത നിരപേക്ഷകത ചില അനുഭവ പാഠങ്ങൾ
ഒന്ന്
എം ജി യൂണിവേഴ്സിറ്റി രണ്ടാം അലോട്ട്മെന്റ് വന്നു
മകൾക്ക് അവൾ ഇഷ്ടപ്പെട്ട വിഷയത്തിലല്ലെങ്കിലും
അലോട്ട്മെന്റ് ലഭിച്ചു . അശ്വാസമായി
ഹയർ ഓപ്ഷൻ കിട്ടുമെന്ന് പ്രതീക്ഷിക്കാറായി
ഞാൻ കുറ്റച്ചു ദിവസമായി വല്ലാത്തൊരു
മാനസികാവസ്ഥയിൽ ആയിരുന്നു
ആദ്യ അലോട്ട്മെന്റിനു ശേഷം അവൾ
ആശങ്കയിലായിരുന്നോ എന്ന് ഒരു സംശയം
മഹാരാജാസിലെ ഷാജി സാർ എനിക്ക് തന്ന ധൈര്യം
ഞാനും അവൾക്ക് പകർന്നു നല്കിയിരുന്നു
സമീപത്തുള്ള പ്രശസ്ത കലാലയത്തിൽ
അവളേക്കാൾ കുറവ് മാർക്കുണ്ടായിരുന്ന
കൂട്ടുകാരിക്ക് കിട്ടിയത് ആ “കുട്ടിയുടെ ജാതിയും”
“കലാലയത്തിന്റെ ജാതിയും” ഒന്നായതു കൊണ്ടാണെന്ന്
ചർച്ചകൾക്കിടയിൽ എപ്പോഴോ പറഞ്ഞു
നമുക്കും അങ്ങനെ കിട്ടുമായിരുന്നല്ലോ എന്നവൾ
പറയാതെ പറഞ്ഞൊ എന്തോ
സ്കൂൾ പ്രവേശന സമയത്ത് ജാതിയുടെ കോളം ഒഴിച്ചിട്ട്
തൊട്ടടുത്ത കോൺവെന്റ് സ്കൂളിൽ ചേർക്കാൻ
ചെന്നപ്പോൾ മുതൽ ഈ പരീക്ഷണം ആരംഭിച്ചതാണ്
അന്നവർ ജാതി എഴുതുവാൻ ശാഠ്യം പിടിച്ചപ്പോൾ
അഡ്മിഷൻ നിഷേധിക്കുമെന്ന് പറഞ്ഞപ്പോൾ
സഹായത്തിന് എത്തിയത് അവിടത്തെത്തന്നെ
ഒരു കന്യാസ്ത്രീയായിരുന്നു .
മതത്തിന്നകത്ത് നിന്നുള്ള  മത നിരപേക്ഷകത
ആദ്യമായി അന്നനുഭവപ്പെട്ടു
‘അഡ്മിഷൻ  എഴുതിക്കൊടുക്കു സിസ്റ്ററെ
കെ ഇ ആറിൽ അതിന് വകുപ്പുണ്ട് ‘
പോക്കറ്റിൽ കിടന്ന ഫോട്ടോ കോപ്പി എടുക്കേണ്ടി വന്നില്ല

മത നിരപേക്ഷകത ചില അനുഭവ പാഠങ്ങൾ
രണ്ട്
ഇന്ന് യൂണിറ്റ് പരിഷത്ത് സ്കൂൾ നടന്നു
“അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ”
ആയിരുന്നു ചർച്ചാ വിഷയം
ചർച്ചാ പുലികൾക്ക് മേയാൻ പറ്റിയ ഇടം
കുട്ടിച്ചാത്തൻ മുതൽ സമീപത്തെ
(സുപ്രസിദ്ധ) ആതുരാലയത്തിലെ നഴ്സിങ്ങ്
ഇന്റർവ്യൂ വരെ ചർച്ചാ വിഷയം
കേരളത്തിന്റെ ചരിത്രം രാഷ്ട്രീയം മതം
മത നിരപേക്ഷകത എല്ലാം ചവച്ചു തുപ്പി
യൂണിറ്റംഗങ്ങൾക്കിടയിൽ ഉള്ള യുവാക്കളുടെ
മതത്തിന്നകത്തെ മത നിരപേക്ഷകത മുൻ നിർത്തിയും
മതങ്ങൾക്കകത്തെ മത നിരപേക്ഷകത മുൻ നിർത്തിയും
നടന്ന രണ്ടു വിവാഹങ്ങൾ ആരും ഓർത്തില്ല
ഒപ്പം
ഇന്റർവ്യൂ സമയത്ത് മാനേജ്മെന്റിന്റെ ജാതി
എന്റേതു കൂടിയാണെന്ന് ഷർട്ടിന്റെ ബട്ടൻസ്
തുറന്നിട്ട് സ്വശരീരത്തിന് കുറുകേ പാഞ്ഞ
ചെളി പുരളാത്ത ജാതി ചിഹ്നം തുറന്ന് കാണിച്ച്
ജോലി സമ്പാദിച്ച വിപ്ലവകാരിയുടെ
സാന്നിദ്ധ്യവും ആരും ഓർത്തില്ല

മത നിരപേക്ഷകത ചില അനുഭവ പാഠങ്ങൾ
മൂന്ന്

ചെന്നൈ ആലപ്പുഴ ട്രെയിൻ സൂപ്പർ ഫാസ്റ്റ്
ആക്കിയതിനു ശേഷമുള്ള ആദ്യ ദിവസം
എസ് 7 ഡബ്ബയാണ് വേദി
ലോഹ്യം പറഞ്ഞ് കിട്ടിയ സീറ്റിൽ
സുഹൃത്തുക്കൾക്കെപ്പമുള്ള ചർച്ച
ഒന്നാം ഘട്ടം സമാപിച്ചത് എറണാകുളം നോർത്തിൽ
വണ്ടി നീങ്ങിയപ്പോൾ രണ്ടു സ്ത്രീകളും ഞാനും മാത്രം
എതിർവശത്തുള്ള പ്രൗഢാംഗയുടെ സഹ യാത്രിക
സൗത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്
അടുത്ത കമ്പാർട്ടുമെന്റിൽ അടുത്ത ബാച്ച് കൂട്ടുകാരുണ്ടാകും
ബാഗെടുത്ത് മടിയിൽ വെച്ചു
എവിടെയാണ് ജോലി ചെയ്യുന്നത് പ്രൗഢാംഗയുടെ
ചോദ്യം എന്നോടായിരുന്നു . ഉത്തരം പറഞ്ഞു
പിന്നെ സ്വയം പരിചയപ്പെടുത്തി
അവർ വീട്ടു വിശേഷങ്ങളും മറ്റും പറയാൻ തുടങ്ങി
വളരെക്കാലമായി പരിചയമുള്ള ഒരാളോട്
ഉള്ളു തുറക്കുന്ന മനോഭാവമായിരുന്നു അവരുടേത്
സൗത്ത് സ്റ്റേഷനിലെത്തുന്നതിനു മുൻപ്
അവർ ഒരഭ്യർത്ഥന വെച്ചു
ഞാൻ തുറവൂർ സ്റ്റേഷനിലാണ് ഇറങ്ങുന്നത്
അതുവരെ ഇവിടെത്തന്നെ ഇരിക്കണം
ഈ കമ്പാർട്ട്മെന്റിൽ അധികം ആളുകൾ
ഉണ്ടാവാറില്ലെന്ന് ഞാൻ ഓർത്തു
കൂട്ടിരിക്കാമെന്ന് ഉറപ്പു നൽകി
അവർ നന്നായി സംസാരിക്കുന്നുണ്ടായിരുന്നു
ഒരു ഘട്ടത്തിൽ എന്റെ വയസ്സ് ചോദിച്ചു
അത് പറഞ്ഞപ്പോൾ നമ്മൾ
സമപ്രായക്കാരാണെന്ന് സൂചിപ്പിച്ചു
ഇടക്ക് എന്റെ പേര് ചോദിച്ചു . പറഞ്ഞു
ഭാര്യയുടെ പേർ ചോദിച്ചു  . പറഞ്ഞു
കുട്ടികളുടെ പേര് ചോദിച്ചു .  പറഞ്ഞു
മകന്റെ പേര് പറഞ്ഞപ്പോൾ അവരുടെ മുഖത്ത്
ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നോ എന്തൊ
ഇത് ഒരു പാലസ്തീൻ കവിയുടെ പേരാണ്
എന്ന് ഞാൻ വിശദീകരിച്ചു
ഞങ്ങൾ കൊങ്ങിണി സമുദായത്തിലെ
പൂജാരികളായ ഭട്ട് വിഭാഗത്തിൽ പെടും
താങ്കൾ നായർ സമുദായത്തിൽ പെടും അല്ലെ
ഒരു പുഞ്ചിരി കൊണ്ട് “ഉത്തരം” തീർത്തു
അവർ സംസാരം തുടർന്നു കൊണ്ടേയിരുന്നു
മകൾക്കായി ചെന്നയിൽ പോയതും
ആൺ മക്കളുടെ ജോലിയും
താൻ ജോലി ചെയ്യുന്നതിനേപ്പറ്റിയും
ജാതിക്കുള്ളിലെ ജാതികളേപ്പറ്റിയും എല്ലാം
പേര് ചോദിച്ചുള്ള ജാതി തിരിച്ചറിയൽ പരേഡ്
ഇതിന് മുൻപ് ഒത്തിരി അനുഭവിച്ചിട്ടുള്ളതിനാൽ
ജാതി നേരിട്ട് ചോദിക്കാൻ കാണിച്ച
ആ വീട്ടമ്മയുടെ നിഷ്കളങ്കതയെ  ഞാൻ നമിച്ചു

മത നിരപേക്ഷകത ചില അനുഭവ പാഠങ്ങൾ
നാല്

രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്നതാണിത്
ഒരു സമുദായ വനിതാ സംഘത്തിന്റെ
ഞായറാഴ്ച കൂടിയിരുപ്പ്
SSLC ക്ക് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക്
നൽകിവരുന്ന അവാർഡാണ് അടുത്ത അജണ്ട
“ഇത്തവണ 3 പേരാണ് ഉള്ളത്
അവർ താഴെ പറയുന്നവരാണ് BV,AE,AR “
സെക്രട്ടറി പേര് വായിച്ചു
പെട്ടന്ന് സദസ്സിൽ നിന്ന് ചർച്ച വന്നു
AR ക്ക് കൊടുക്കാൻ പാടില്ല
എല്ലാവർക്കും മാർക്ക് തുല്യമാണ്
സെക്രട്ടറി വിശദീകരിച്ചു
AR ന്റെ ഫാദർ മതപരമായ കാര്യങ്ങളിൽ
സഹകരിക്കുന്ന ആളല്ല
ആ കുട്ടിയും ആകുട്ടിയുടെ അമ്മയും
സഹകരിക്കുന്നുണ്ടല്ലൊ
പിന്നെ എന്തിനാണ് വിവേചനം
ഈ ചോദ്യം ഭൂരിപക്ഷത്തിന്റെ മസിൽ
പവറിൽ ഞെരിഞ്ഞമർന്നു
ഇത്തവണ രണ്ടു പേർക്ക് കൊടുത്താൽ മതി
കമ്മിറ്റി തീരുമാനം അന്തിമവും ചോദ്യം
ചെയ്യപ്പെടാൻ പാടില്ലാത്തതുമാകുന്നു

അതിൽപെട്ട AR എന്റെ മകളായിരുന്നു
ചർച്ച നടത്തിയതാകട്ടെ
മതനിരപേക്ഷമായി ചിന്തിക്കാൻ ഇടയാക്കിയ
രാത്രി ചർച്ചകളിൽ സജീവരായിരുന്ന
എന്റെ സുഹൃത്തുക്കളിൽ ചിലരുടെ ഭാര്യമാരും
ഈ നിരാസം കുറച്ചുകാലം മകളുടെ കുഞ്ഞു മനസ്സിൽ
ഒരു വിശ്വാസ പോറൽ ഉണ്ടാക്കിയിരുന്നു എന്ന് തോന്നി 

വിശ്വാസം അതല്ലെ എല്ലാം 




Tuesday, February 4, 2014

പുഴുവിനായി കാത്തിരിക്കുന്നവർ



ഒരു മാസത്തിനിടയിൽ മൂന്നാമത്തെ
പുസ്തകമാണ് വായിച്ചു തീർത്തത്
കാക്കനാടന്റെ സുവർണ്ണ കഥകൾ
ടോൾസ്റ്റോയിയുടെ നീതിസാര കഥകൾ
ജനാൽ കൊച്ചങ്ങാടി പാരിഭാഷപ്പെടുത്തിയ
ക്ലാസിക് അഭിമുഖങ്ങൾ
സത്തയിൽ പരസ്പര ബന്ധമില്ലാത്തതായിരുന്നു
ഓരോന്നും
കാക്കനാാടന്റെ കച്ചവടം ഭേഷായി
നീതിസാരം വിശ്വാസികൾക്ക് ആസ്വദിക്കാം
അഭിമുഖം അരു പുതിയ അനുഭവമായിരുന്നു
മഹാത്മ ഗാന്ധി
കാൽമാർക്സ്
ലെനിൻ
മാവൊ
ഹിറ്റ്ലർ
മുസോളിനി
സ്റ്റീഫൻ ഹോക്കിങ്ങ്
മാർക്വേസ്
തുടങ്ങി അരുന്ധതി റോയി വരെ
അഭിമുഖങ്ങൾ ക്ലാസിക്കാവുന്നത്
അത് കൈകാര്യം ചെയ്യുന്നവരുടെ കൂടി വിരുതാണ്
ആദ്യമായിട്ടാണ് ഇത്തരമൊരെണ്ണം വയിക്കുന്നത്

ഫ്രോയിഡ് വാർധക്യത്തേക്കുറിച്ചിങ്ങനെ പറയുന്നു

അണയുന്നു
വെളിച്ചങ്ങളെല്ലാമണയുന്നു
വിറകൊള്ളുന്ന ശരീരങ്ങൾക്ക് മുകളിൽ
യവനിക, ചരമാവരണം
കൊടുങ്കാറ്റിന്റെ വേഗത്തിൽ
ആഞ്ഞു പതിക്കുന്നു
ഉണർന്നുവന്ന മാലാഖമാർ
ആവരണം നീക്കി പ്രഖ്യാപിക്കുന്നു
നാടകം മനുഷ്യൻ എന്ന ദുരന്തം
നായകൻ നിതാന്ത ജേതാവായ പുഴു

സംവാദം



ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ  
ഇഴയുന്ന ബസിന്റെ  ഡ്രൈവറോട് ദേഷ്യം തോന്നി .
മോലധികാരിയുടെ കറുത്ത മുഖം ഇന്നും കാണാം.
സക്കറിയാ ബസാർ സാമാന്യം തിരക്കുള്ള  ഇടമാണ് .
തട്ടമിട്ട കുട്ടികൾ എല്ലാം സ്കൂളിൽ എത്തിക്കഴിഞ്ഞു .
ബസ് നിന്നു  .  മുൻപിൽ തടസ്സമൊന്നും കാണാനില്ല .
ഡ്രൈവർ ഹോണടിച്ച് ശബ്ദമുണ്ടാക്കി
പിൻകാലിലൊന്ന് തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ച്
ഒരു നായ മൂന്ന് കാലിൽ നിരങ്ങി നീരങ്ങി വശത്തേക്ക് വന്നു
നടുവൊടിഞ്ഞ നായയാണെന്ന് കണ്ടാലറിയാം.
കിളി ബസിന്റെ സൈഡിലടിച്ച് ഒച്ചയുണ്ടാക്കി .
പിന്നീട് ചാടിയിറങ്ങി നായക്ക് ഒരു തൊഴി കൊടുത്തു .
തിരിച്ചു കടിക്കില്ലല്ലൊ
ദയനീയമായി മോങ്ങിക്കൊണ്ട് അത് മുന്നോട്ട് നിരങ്ങി .
‘മൂന്നാലു ദിവസ്സമായി ഇവിടെ വന്നു കൂടിയിട്ട്
ആരോ കൊണ്ട് കളഞ്ഞതാണെന്ന് തോന്നുന്നു’ .
ടിക്കറ്റ് മെഷീൻ ഹാരമാക്കിയ കണ്ടക്ടർ സാവധാനം പറഞ്ഞു
‘ഭക്ഷണം കിട്ടിയില്ലേൽ ഇത് പട്ടിണി കിടന്ന് ചാവില്ലെ’
‘ഈ സ്കൂൾ പിള്ളാരാ ഇതിനെ തീറ്റിപ്പോറ്റുന്നത്   അശ്രീകരങ്ങള്’
‘ടിഫിൻ ബോക്സിൽ നിന്ന് ഇഡലി എറിഞ്ഞു കൊടുക്കുന്നത്
ഞാനിന്നലെ കണ്ടു’ ഒരാൾ തറപ്പിച്ചു
മനേക ഗാന്ധിയെ ചീത്ത പറഞ്ഞുകൊണ്ട്
മറ്റൊരാൾ പരിസ്ഥിതി വാദികൾക്ക് എതിരായി
‘അതും ജീവിച്ചു പോട്ടെന്ന്  
ശബ്ദം ദുർബലമായിരുന്നു
ബസ് ഒരു മുരൾച്ചയോടെ മുന്നോട്ടെടുത്തപ്പോൾ സംവാദം മുറിഞ്ഞു
കലക്ടറേറ്റ് കഴിഞ്ഞ് കുറച്ചു ചെന്നപ്പോൾ ബസ് വീണ്ടും നിന്നു
നഗര ശുചീകരണക്കാർ ഓട സ്ലാബിന്റെ  മുകളിലുള്ള ഒരു കൂര പൊളിക്കുന്നു. കൂരയെന്നൊന്നും  തികച്ച് പറയാനാകില്ല
മൂന്നാല് പ്രചരണ ബോർഡുകൾ കൊണ്ടൊരു കൂട് .
അവയിലൊന്ന് ഏതോ മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടേതായിരുന്നു
തന്റെ കിടപ്പാടം പൊളിക്കുന്നത് കണ്ടുകൊണ്ട്
ഒരു മനുഷ്യക്കോലം നിസ്സംഗതയോടെ
ഇരിക്കുന്നുണ്ടായിരുന്നു
നേരത്തേക്കണ്ട നായയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു
ഇത്തവണ സംവാദം ആരും തുടങ്ങിയില്ല