Tuesday, February 4, 2014

സംവാദം



ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ  
ഇഴയുന്ന ബസിന്റെ  ഡ്രൈവറോട് ദേഷ്യം തോന്നി .
മോലധികാരിയുടെ കറുത്ത മുഖം ഇന്നും കാണാം.
സക്കറിയാ ബസാർ സാമാന്യം തിരക്കുള്ള  ഇടമാണ് .
തട്ടമിട്ട കുട്ടികൾ എല്ലാം സ്കൂളിൽ എത്തിക്കഴിഞ്ഞു .
ബസ് നിന്നു  .  മുൻപിൽ തടസ്സമൊന്നും കാണാനില്ല .
ഡ്രൈവർ ഹോണടിച്ച് ശബ്ദമുണ്ടാക്കി
പിൻകാലിലൊന്ന് തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ച്
ഒരു നായ മൂന്ന് കാലിൽ നിരങ്ങി നീരങ്ങി വശത്തേക്ക് വന്നു
നടുവൊടിഞ്ഞ നായയാണെന്ന് കണ്ടാലറിയാം.
കിളി ബസിന്റെ സൈഡിലടിച്ച് ഒച്ചയുണ്ടാക്കി .
പിന്നീട് ചാടിയിറങ്ങി നായക്ക് ഒരു തൊഴി കൊടുത്തു .
തിരിച്ചു കടിക്കില്ലല്ലൊ
ദയനീയമായി മോങ്ങിക്കൊണ്ട് അത് മുന്നോട്ട് നിരങ്ങി .
‘മൂന്നാലു ദിവസ്സമായി ഇവിടെ വന്നു കൂടിയിട്ട്
ആരോ കൊണ്ട് കളഞ്ഞതാണെന്ന് തോന്നുന്നു’ .
ടിക്കറ്റ് മെഷീൻ ഹാരമാക്കിയ കണ്ടക്ടർ സാവധാനം പറഞ്ഞു
‘ഭക്ഷണം കിട്ടിയില്ലേൽ ഇത് പട്ടിണി കിടന്ന് ചാവില്ലെ’
‘ഈ സ്കൂൾ പിള്ളാരാ ഇതിനെ തീറ്റിപ്പോറ്റുന്നത്   അശ്രീകരങ്ങള്’
‘ടിഫിൻ ബോക്സിൽ നിന്ന് ഇഡലി എറിഞ്ഞു കൊടുക്കുന്നത്
ഞാനിന്നലെ കണ്ടു’ ഒരാൾ തറപ്പിച്ചു
മനേക ഗാന്ധിയെ ചീത്ത പറഞ്ഞുകൊണ്ട്
മറ്റൊരാൾ പരിസ്ഥിതി വാദികൾക്ക് എതിരായി
‘അതും ജീവിച്ചു പോട്ടെന്ന്  
ശബ്ദം ദുർബലമായിരുന്നു
ബസ് ഒരു മുരൾച്ചയോടെ മുന്നോട്ടെടുത്തപ്പോൾ സംവാദം മുറിഞ്ഞു
കലക്ടറേറ്റ് കഴിഞ്ഞ് കുറച്ചു ചെന്നപ്പോൾ ബസ് വീണ്ടും നിന്നു
നഗര ശുചീകരണക്കാർ ഓട സ്ലാബിന്റെ  മുകളിലുള്ള ഒരു കൂര പൊളിക്കുന്നു. കൂരയെന്നൊന്നും  തികച്ച് പറയാനാകില്ല
മൂന്നാല് പ്രചരണ ബോർഡുകൾ കൊണ്ടൊരു കൂട് .
അവയിലൊന്ന് ഏതോ മന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടേതായിരുന്നു
തന്റെ കിടപ്പാടം പൊളിക്കുന്നത് കണ്ടുകൊണ്ട്
ഒരു മനുഷ്യക്കോലം നിസ്സംഗതയോടെ
ഇരിക്കുന്നുണ്ടായിരുന്നു
നേരത്തേക്കണ്ട നായയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു
ഇത്തവണ സംവാദം ആരും തുടങ്ങിയില്ല

No comments: