Sunday, October 6, 2013

ആലപ്പുഴ യാത്രകൾ

5.45 ന്റെ എറണാകുളം പാസഞ്ചറിൽ 
ആളില്ലാത്ത കൂപ്പെയിൽ ഞാൻ ഇരുപ്പുറപ്പിച്ചു
കുറച്ച് അന്വേഷിച്ചു നടന്നിട്ടാണ് അത്  തരപ്പെട്ടത്
വണ്ടി വിട്ടാൽ നീണ്ടു നിവർന്ന് ഒന്ന് കിടക്കാം 
ചൂളം വിളിക്കായി കാത്തിരുന്നു    
വണ്ടി വിട്ടപ്പോൾ വന്ന നാലു പേർ
എന്റെ സ്വപ്നങ്ങളെ തകർത്തു കൊണ്ട് 
എനിക്കരുകിൽ സീറ്റുറപ്പിച്ചു
അവർക്കെതിരെ ഒരു നീരസം
എന്നിൽ വളർന്നുവന്നത് ഞാനറിഞ്ഞു .
ഇരുന്നപാടെ അവരിലൊരുവൻ ബാഗ് തുറന്ന് 
ഒരു മലയാള ദിന പത്രം പുറത്തെടുത്തു
മറ്റൊരുവനും ഇതു തന്നെ ആവർത്തിച്ചു 
അവർ യന്ത്രം കണക്കെ പത്രങ്ങൾ വെച്ചു മാറി വായന തുടങ്ങി
ഇടക്ക് ഒന്നാമൻ തന്റെ പകുതി പത്രം മൂന്നാമന് കൈ മാറി 
രണ്ടാമനും അതു തന്നെ ആവർത്തിച്ചു 
ഇപ്പോൾ നാലാൾക്കും പത്രമായി .
എന്റെ നീരസം കൗതുകമായി മാറാൻ 
അധികം സമയമെടുത്തില്ല .
ഞാൻ കൗതുകത്തോടെ നോക്കിയിരുന്നപ്പോൾ
ഒരാൾ എനിക്കും തന്നു ഒരു ഷീറ്റ്
ഒരു പത്രം പൂർണ്ണമായി കിട്ടാതെ വായിക്കാൻ
മടിയുള്ള ഞാൻ അല്പം സങ്കോചത്തോടെ 
അതു വാങ്ങി വായന തുടങ്ങി
അരമണിക്കൂറിനുള്ളിൽ എല്ലാ ഷീറ്റുകളും 
എല്ലാവരുടെ കൈകളിലും എത്തി 
ട്രെയിനിന്റെ സ്പീഡ് കുറഞ്ഞു .
പത്രം തിരികേ ബാഗിലേക്ക് തിരുകിക്കൊണ്ടവർ 
പ്ലാറ്റു ഫോമിലെ തിരക്കിലേക്ക് മറഞ്ഞു
ഇറങ്ങുമ്പോൾ അവർ എനിക്ക്
ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു
തിരികെ ഞാൻ കൊടുത്ത പുഞ്ചിയിൽ എന്തോ ഒന്ന്
കുറവുണ്ടായിരുന്നു എന്ന് പെട്ടന്ന് തന്നെ  തിരിച്ചറിഞ്ഞു
……………………………….…………………….
ഇന്നും ഞാനവരെ പ്രതീക്ഷിച്ചു 
നല്ലൊരു പുഞ്ചിരി സമ്മാനിക്കാനായി
പക്ഷെ കണ്ടില്ല





No comments: