Monday, February 27, 2012

വേരിൽ കായ്ക്കുന്ന തേനൂറും ചക്കകൾ

തികഞ്ഞ കൗതുകത്തോടെയാണ് മണ്ണുത്തി കാർഷിക
ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളുടെ
ആഗമനം  ഞങ്ങൾ വീക്ഷിച്ചത് .
ഒരു പക്ഷെ ചുണ്ടേക്കാടിന്റെ ചരിത്രത്തിൽ തന്നെ
ഇത്തരം ഒരു സന്ദർശനം ആദ്യത്തേതാണെന്ന് പറയാം .
ബസുമതി കൃഷി ചെയ്യുന്നതിനേപ്പറ്റി ആലോചിച്ചപ്പോൾ
ആശങ്കകൾക്കപ്പുറം ഈ  കൗതുകം  അന്നും  തോന്നി.
ഇപ്പോഴതിന്റെ മാനം വളരെ ഉയരത്തിലാണെന്ന് വന്നിരിക്കുന്നു
ഈ സന്ദർശനം അത് ശരി വയ്ക്കുന്ന തരത്തിലുള്ളതായി .
കൃഷിയുടെ പാഠങൾ

 കാർഷിക ഗവേഷണ കേന്ദ്രത്തിലെ
Plant breeding and Genetics
വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്ന
പ്രൊഫസറാണ്  Dr. C.A. Rosamma Phd.
ഗവേഷണ സ്ഥാപനങ്ങളിലെ മനം
മടുപ്പിക്കുന്ന ജാടകൾക്കപ്പുറം
വിനയവും എളിമയും മുഖമുദ്രയായ് കാണപ്പെട്ട ഒരനുഭവമായി മാറി സന്ദർശനം .




അദ്ദേഹത്തിന്റെ ഇടപെടൽ തികച്ചും അനൗപചാരികമായിരുന്നു  .
ഗവേഷണ കേന്ദ്രത്തിന്റെ  പരമ്പരാഗത കൃഷി രീതികളിൽ നിന്ന് മാറിയുള്ള
ശാസ്ത്രാന്വേഷണ ഫലമാണ് ഈ ബസുമതി വിത്തിനങ്ങൾ

ഓരോ കണ്ടത്തിലും പോയി നോക്കി
കാഴ്ചയിലുള്ള ഒരോ പ്രശ്നവും പറഞ്ഞു തന്നു .
ചാഴിയും തണ്ട് തുരപ്പനും തന്നെ പ്രധാന ശത്രുക്കൾ .
ഒരിടത്ത് വളം കൂടിപ്പോയത് അവിടെ മുൻപ് കൃഷി ചെയ്ത വിളയുടെ
ബാക്കി പത്രമാണെന്നും പറഞ്ഞു .
നല്ലൊരു യൂണിവേഴ്സിറ്റി ക്ലാസിന്റെ അനുഭവമായി മാറി അത് .
Pusa Sughandh  വിഭാഗത്തിൽ പെട്ട Sugandhamathi ,Ps 2,3,4
എന്നീ നാലിനം വിത്താണ് കൃഷി ചെയ്തിട്ടുള്ളത്
വിളഞ്ഞു നിൽക്കുന്ന ബസുമതിപ്പാടം കണ്ടിട്ടുണ്ടായ
സന്തോഷം  പ്രൊഫസർ മറച്ചു വച്ചില്ല .
"പലരും വന്ന് വിത്ത് വാങ്ങാറുണ്ടെങ്കിലും  ഇത്രയും താൽപര്യത്തോടെ
കൃഷിയിറക്കിക്കാണുന്നത് ആദ്യമായാണ് ".
ഞങ്ങളെ അഭിനന്ദിക്കാനും പിശുക്ക് കാണിച്ചില്ല .
സ്ഥലം മാറിപ്പോയ  തുറവൂർ കൃഷി ഓഫീസർ ഷീബ ജോർജ്ജിന്റെ
പ്രോത്സാഹനമാണ് ഇതിന് പിന്നിലെന്ന് ഞങ്ങളും  പറഞ്ഞു .
ഹറിത ഭൂവിലേക്ക് നിര നിരയായി മുന്നേറാം


  "ഇനിയൊരു 20 ദിവസം കൂടി കഴിഞ്ഞാൽ കൊയ്യാൻ പരുവമാകും
അതിന് മുൻപ്  ഒരിക്കൽ കൂടി ഞങൾ വരും"
തിരിച്ച് പോകുമ്പോഴും പിന്നീട് ഫോൺ ചെയ്തപ്പോഴും
ഈ നെല്ല് കുത്തുന്ന മില്ല് വ്യാപകമാക്കുന്നതിനേപ്പറ്റിയുള്ള
വേവലാതിയാണ് പറഞ്ഞു കൊണ്ടിരുന്നത് .

ഗവേഷണ കേന്ദ്രത്തിന്റെ നാലതിരുകൾക്കകത്തെദന്തഗോപുരങ്ങളിൽ നിന്ന്
പ്രകൃതിയുടെ മടിത്തട്ടിലേക്ക്
നേരിട്ടിറങ്ങാൻ തയ്യാറുള്ള
നാടിനോട് കൂറുള്ള
ഉണ്ണുന്ന ചോറിന് നന്ദിയുള്ള
മനുഷ്യ മുഖമുള്ള
ഉദ്യോഗസ്ഥരുണ്ടായാൽ കേരളത്തിൽ കൃഷി മരിക്കില്ല .
"മറ്റൊരു കാർഷിക കേരളം" ഉണ്ടാകുമെന്ന് ഉറപ്പ് .



Friday, February 17, 2012

പ്രണയം


വാലന്റൈൻ ദിനം പ്രമാണിച്ച് വലിയോരു കച്ചവട സാദ്ധ്യത ഇത്തവണയും നടന്നു. 
അതു കേമമാക്കുന്നതിന് പത്ര ദൃശ്യ സൈബർ മാധ്യമങ്ങൾ നന്നയി സഹകരിക്കുകയും ചെയ്തു. കോടികളുടെ ഇടപാടുകളാണ് ഇതു മൂലം നടന്നത് 
അഗോളവൽക്കരണത്തിന്റെ കണ്ണില്ലാത്ത വിപണന സാദ്ധ്യതകളിൽ 
പ്രണയവും ഒരു ഉപകരണമാണ്.
കച്ചവടവും അതുല്പാദിപ്പിക്കുന്ന മുതലാളിത്ത മനോഭാവവും 
മാറ്റി വെച്ചാൽ വാസ്തവത്തിൽ ഈ പ്രണയം എന്താണെന്ന് 
ശാസ്ത്രീയമായി  ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും .

ഒരു വസ്തുവിനോടൊ ,വ്യക്തിയോടോ തോന്നുന്ന 
അതിയായ സ്നേഹം അഥവാ അടുപ്പം ആണ് പ്രണയം.   
അനേകം രാസികങ്ങളുടെ പ്രവർത്തന ഫലമായാണ് പ്രണയം ഉടലെടുക്കുന്നത്, 
പ്രണയം ഒരു പ്രത്യേക പ്രായത്തിന്റെ കാര്യമാണെന്ന് കരുതുവാൻ വയ്യ 
അത് ഏത് പ്രായത്തിലും സംഭവിക്കാം . 
രണ്ട് വ്യക്തികൾ തമ്മിലാകുമ്പോൾ ഏത് പ്രായക്കാർ തമ്മിലുമാകാം .
ജതി മതം ദേശം ഭഷ സംസ്ക്കാരം ഇതൊന്നിനും പ്രണയത്തെ തടഞ്ഞു നിർത്താനാവില്ല 
ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലും പ്രണയം ഉണ്ടാകാം 
ചില രാജ്യങ്ങളിൽ ഇത് നിയമ വിധേയവുമാണ് .സ്വയം പ്രണയിക്കുന്നവരും കുറവല്ല . പ്രണയിക്കാത്തവരോ പ്രണയിക്കപ്പെടാത്തവരൊ ആയിട്ട് ആരുമുണ്ടാകില്ല വിവാഹിതർക്ക് അവിവാഹിതരോടും തിരിച്ചും പ്രണയമുണ്ടാകാം. ഒരിക്കൽ പ്രണയിച്ച് വിവാഹം കഴിച്ചവർക്ക് പിന്നീട് മറ്റൊരാളോട് പ്രണയം തോന്നായ്കയുമില്ല .
ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാൻ പാടില്ലെന്നുമില്ല
പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് ഇതിനാലൊക്കയാണ്
പ്രണയത്തേക്കുറിച്ച് എഴുതാത്ത  സാഹിത്യ ശാഖയില്ല . 
ചുരുക്കത്തിൽ പ്രണയം ഒരു സാർവലൗകീക സംഭവമാണ്.

പക്ഷേ ഇതിന്റെ ശാസ്ത്രം അധികമാരും അന്വേഷിക്കാറില്ല 
ശരീരശാസ്ത്രപരമായി എന്തു കൊണ്ടാണ് ഇത്തരമൊരു വികാരം ഉണരുന്നത് എന്നും 
അതിന് രസതന്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്നും അറിയുന്നത് രസകരമായിരിക്കും
അത്തരമൊരു പരിശോധനയാണ് ഇവിടെ നടത്തുന്നത് .   
   
മനുഷ്യന്റെ കൂടപ്പിറപ്പ്
         രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയത്തിൽ 3 ഘട്ടങ്ങളുണ്ട്  

1                    ലൈംഗീകാർഷണം  (Lust കാമം)      ലിംഗ ഹോർമോണുകളായ ഈസ്റ്റ്രജൻ 
          ടെസ്റ്റോസ്റ്റോൺ എന്നിവയാണിതിന് കാരണം ."ആദ്യമായി അദ്ദേഹം വീട്ടിൽ വനൽപ്പോൾ ഞാൻ ബാൽക്കണിയിൽ നിൽക്കയായിരുന്നു .അദ്ദേഹം മുകളിലേക്ക് നോക്കി. ഞങ്ങൾ തമ്മിൽ കണ്ടു . അങ്ങനെ പ്രണയവുമായി" എന്ന് പറയുന്നത് കേവലം ലൈംഗീകാകർഷണം എന്ന് തിരുത്തി വായിക്കണമെന്ന് മാത്രം.

2              ശക്തിയായ ആകർഷണം  (Attraction. )   പ്രണയം തലക്കടിച്ച അവസ്ഥയാണിത് മോണോ അമിനുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കളുടെ അനിയന്ത്രിതമായ ഒഴുക്കാണ് ഈ ഘട്ടത്തീൽ നടക്കുന്നത്. സിറോടോണിൻ , നോർ എപ്പിനെഫ്രിൻ എന്നിവ നമ്മെ ആവേശഭരിതരാക്കുന്നു . ഡോപ്പിനാകട്ടെ സന്തോഷം നൽകുക മാത്രമല്ല ശാരീരികവും മാനസികവുമായ അടുപ്പം വർദ്ധിപ്പിക്കയും ചെയ്യുന്നു. എല്ലാം നിയന്ത്രിക്കുന്നത് ഈതൈൽ അമീൻ (Phenyl Ethyl Amine) എന്ന പ്രണയ തന്മാത്രയും.(Love molecules) 
വെറുതെ ചൂണ്ടയിട്ട് എടങ്ങേറാകരുത്
PAE പുരട്ടാത്ത ഒരു മന്മഥാസ്ത്രവുമില്ല . കണ്ണുകൾ തമ്മിലിടയുകയോ ഒന്ന് തലോടുകയോ മാത്രം മതി ഇവയുടെ ഉല്പാദനത്തിന് . ചോക്കലേറ്റ് സ്ട്രോബറി എന്നിവയിൽ പ്രണയ തന്മാത്ര കൂടുതലായുണ്ട് .കണ്ണുകൾ തിളങ്ങുക ഉള്ളം കൈ  വിയർക്കുക സംസാരത്തിൽ വിക്കൽ അനുഭവപ്പെടുക ഹൃദയമിടിപ്പ് കൂടുക കാൽ മുട്ടുകൾ ഇളക്കുക ശ്വാസോച്ഛാസം ആഴത്തിലാകുക  എന്നിവ പ്രണയത്തിന്റെ സൂചകങ്ങളാണ്. പ്രണയത്തിൽ ചെന്നു പതിക്കുന്ന ഘട്ടത്തിൽ പ്രകടമായ ഈ ലക്ഷണങ്ങൾ കാണാം. ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ , ശ്രദ്ധക്കുറവ് എന്നിവയ്ക്ക് ഇതിടയാക്കുന്നു . ഈ ഹോർമോണുകളോട് അഡിക്ഷൻ ഉണ്ടായാൽ പ്രണയം വല്ലാതെ ശക്തമാവുന്നു  ഇതോടെ ലോകം പ്രണയിനിയിലേക്ക്  ചുരുങ്ങുകയും ചെയ്യും ,. ഈ ഘട്ടത്തിൽ പ്രണയിനിയെ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും. ബുദ്ധിയും വിവേകവും നശിച്ച പോലെ പെരുമാറിയേക്കാം. PAE   യാണ്  മോഹത്തിൽ നിന്ന് പ്രണയത്തിലേക്കുള്ള മാറ്റത്തെ നിയന്ത്രിക്കുന്നത്. ഒരു പാടു കാലം പ്രണയിച്ചു നടക്കാനാകില്ല കാരണം പ്രണയ ഹോർമോണുകളോട് തലച്ചോർ താദാത്മ്യം പ്രാപിക്കും . ഇതിന്റെ കാല ദൈർഘ്യം 6 മാസം മുതൽ 3 വർഷം വരെ എടുക്കാം. മിക്കവരിലും ഇത്തരം ഹോർമോണുകൾ കുറഞ്ഞ് കുറഞ്ഞ് സാധാരണ നിലയിൽ എത്തും . ഇതോടെ പ്രണയം ഇല്ലാതാകും.ചിലപ്പോൾ ഇതിനിടയിൽ മറ്റൊന്ന് പൊട്ടി മുളച്ചു കൂടെന്നുമില്ല

3             അടുപ്പം (attachment)

            പ്രണയത്തിന്റെ അടുത്ത ഘട്ടമാണിത്.  കമിതാക്കളും ഭാര്യാഭർത്താക്കന്മാരും പിന്നീട് ഒന്നിച്ച് ജീവിക്കുന്നതിന്റെ കാരണവും ഇതു തന്നെ.. ഓക്സിടോൺ , വാസോപ്രസിൻ എന്നീ ഹോർമോണുകളാണ് ഇതിൽ പങ്കെടുക്കുന്നത് ഓക്സിടോസിനാണ് പാൽ ചുരത്തുന്നതിനും പ്രസവസമയത്ത് ഗർഭപാത്രം ചുരുങ്ങുന്നതിനും കാരണമാക്കുന്നത് . ആലിംഗനത്തിന്റെ രാസികമാണ് ഓക്സിടോസിൻ . ലൈഗിക രതിമൂർച്ചയിൽ ആണിലും പെണ്ണിലും ഇത് ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് . ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ കൂടുതൽ ആസ്വാദ്യകരമായ ലൈംഗീക ബന്ധമുണ്ടെങ്കിൽ അവർ തമ്മിലുള്ള ബന്ധം ദൃഢതരമാകുവാൻ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത് .
എല്ലാം ഇവിടെ ചെന്നൊടുങ്ങുന്നു
വസോപ്രസിനനാണ് ഏകപത്നീ വ്രതത്തിന് കാരണമായ രാസികം സസ്തനികളിൽ 3 % ൽ താഴെ ജീവികൾ മാത്രമെ ഈയിനത്തിലുള്ളു. നിർഭാഗ്യവശാൽ മനുഷ്യൻ ഏകപത്നീവ്രത ജീവിയല്ല . ജീവസാസ്ത്രപരമായി നോക്കിയാൽ 365 ദിവസവും രാപകൽ ഭേദമെന്യേ  ഇണ ചേരാവുന്ന വേറെ ജീവി വർഗ്ഗവുമില്ല . പ്രായമായവരിൽ ഓക്സിടോസിന്റെ അളവ് അല്പം കൂടിയിരിക്കുന്നതു കൊണ്ട് അവർ കുടുംബ ബന്ധങ്ങളോട് ചെറുപ്പക്കാരേക്കാൾ താല്പര്യം കാണിക്കാൻ കാരണം എന്ന് വേണം കരുതുവാൻ .

ഇങ്ങനെ നോക്കുമ്പോൾ ശരീരത്തിലെ ചില രാസികങ്ങളുടെ ഏറ്റക്കുറച്ചിൽ        മനുഷ്യനെത്തന്നെ  മാറ്റിത്തീർക്കും എന്നത് ഉറപ്പാണ് . പ്രണയം എന്നത് ഒറ്റനോട്ടത്തിലുണ്ടാകുന്നതാണെന്ന് പറയു വാൻ കഴിയില്ല. പ്രഥമ ദർശനത്തിലുണ്ടാകുന്നത് അനുരാഗമല്ല മറിച്ച് ലൈംഗീകാകർഷണമാണ് . ഇത് മനസിലാക്കാത്ത ചില പാവങ്ങൾ ചെന്ന് പടുകുഴികളിൽ വീഴുന്ന വാർത്ത പത്രമാധ്യമങ്ങളിൽ നിരന്തരം നാം കാണുകയും ചെയ്യുന്നു ഇനി വാലന്റൈൻ ദിനമാഘോഷിക്കുമ്പോൾ  തന്റെ ശരീരത്തിൽ അപ്പോൾ പ്രവർത്തിക്കുന്ന രാസികങ്ങൾ ഏതെല്ലാമാണേന്നെങ്കിലും സ്വയം ഓർക്കുന്നത് നന്നായിരിക്കും രസകരവുമായിരിക്കും




കടപ്പാട് : KGR , KSSP
                       


Tuesday, February 14, 2012

യേശുക്രിസ്തു ദൈവമൊ വിപ്ലവകാരിയൊ

ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ക്രിസ്തുവിനേപ്പറ്റി
തന്റെ നിലപാട് തുറന്ന് പറഞ്ഞു .
ചർച്ച മറ്റ് രണ്ട് മെത്രാന്മാർ ചേർന്ന് ഏറ്റെടുത്തു .
സഭാസിനഡ് വിളിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം വരെയെത്തി കാര്യങ്ങൾ.
യേശു ഒരു വിപ്ലവകാരിയല്ലായെന്ന് ഒരു പ്രമേയം പാസാക്കിയാൽമതിയാകും പ്രശ്നം തീരാൻ . കൂടാതെ കൂറിലോസ് മെത്രാച്ചന് ഒരു താക്കീതും.
സിനഡും ചർച്ചയും ആ സഭയുടെ അഭ്യന്തര വിഷയം .

യേശു തന്റെ ജീവിതം കൊണ്ടാണ്  ലോക ജനതയുടെ ഹൃദയം കവർന്നത്. 
ചരിത്രത്തിലിടം പിടിച്ച ഒരു മഹദ് വ്യക്തിത്വത്തിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി
ചർച്ച ചെയ്യാൻ ഒരു സഭയുടെയും അനുവാദം ആവശ്യമില്ല .
അദ്ധ്വാനിക്കുന്നവരേ എന്റെൻഅരുകിലീക്ക് വരുവിൻ


ഇന്ത്യ മഹാരാജ്യത്തിന് ഔദ്യോഗികമായി
ഒരു മതമില്ല.
ബഹുസ്വരമത ബന്ധിതമായ ഒരു സംസ്ക്കാരമാണിവിടെ നിലകൊള്ളുന്നത്.

ക്രിസ്ത്യാനി എന്ന വാക്കിന്റെ അർത്ഥം ക്രിസ്തുവിന്റെ അനുയായി എന്നാണല്ലൊ.
ക്രിസ്തീയ കുടുംബത്തിൽ ജനിച്ചത് കൊണ്ടൊ പുരോഹിത കുപ്പായം
(ഇത് ക്രിസ്തു ജീവിച്ചിരുന്ന നാട്ടിലെ ജനത പൊടിക്കാറ്റിൽ നിന്ന് രക്ഷ നേടാൻ
അനുഭവങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വേഷമാണ്) ധരിച്ചത് കൊണ്ടൊ
ഒരാളും യഥാർത്ഥ ക്രിസ്ത്യാനിയാവുന്നില്ല.
ക്രിസ്തുവിന്റെ വാക്കുകൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി
അവന്റെ കൽപ്പനകൾ അനുസരിച്ച്  ജീവിതത്തിൽ പകർത്തി
ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും മാർഗ ദർശിയുമായി
സ്വീകരിച്ചും രക്ഷകനായി കണ്ടും ജീവിച്ചാലെ ക്രിസ്ത്യാനിയാവുള്ളു.ഇതു കൊണ്ടാണ് ക്രിസ്ത്യാനികളെ മാർഗ്ഗ വാസികൾ എന്ന് വിളിക്കുന്നത്.
ക്രൈസ്തവ മാർഗ്ഗത്തിൽ വസിക്കേണ്ടവരാണവർ

ഒരു രക്ഷകൻ എപ്പോഴും ഒരു നേതാവു കൂടിയായിരിക്കും..
നിലവിലുള്ള ജീവിത സാഹചര്യങ്ങളെ മാറ്റിത്തീർക്കുവാൻ
ഇറങ്ങിത്തിരിക്കുന്നവർക്ക് പാത എന്നും കല്ലും മുള്ളും നിറഞ്ഞതാണ്..
പൗരോഹിത്യവും ഭരണകൂടവും ഒന്നയിരുന്ന ഒരു കാലഘട്ടത്തിൽ
എതിർപ്പിന്റെ കുന്തമുന തന്റേതായ മാർഗ്ഗത്തിലൂടെ അവതരിപ്പിച്ച ആളാണ് യേശു.
അന്നത്തെ പൗരോഹിത്യ ഭരണകൂടം അദ്ദേഹത്തെ മരണ ശിക്ഷക്ക് വിധിച്ചു.
യേശു ഒരിക്കലും താൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല .
ദൈവ പുത്രനാണെന്നണ് പറഞ്ഞിട്ടുള്ളത്.
മാനവകുലത്തിനെ സ്നേഹമെന്ന വേദവാക്യം പഠിപ്പിച്ച്
എല്ലാവരേയും ദൈവ പുത്രരാക്കുന്ന പ്രവർത്തിയാണ് യേശു ചെയ്തത് .
താൻ വഴിയും സത്യവും ജീവനുമാകുന്നു വെന്ന പ്രയോഗം
അദ്ദേഹത്തിന്റെ  ജീവിത ദർശനമാണെന്ന്
ഇനിയും ഈ മത നേതാക്കൾ എന്നാണാവോ മനസ്സിലാക്കുക .
നിലവിലുള്ള സാമൂഹ്യ വ്യവസ്തിയെ  ഒരു ജീവിത ദർശനത്തിലൂടെ
മാറ്റുകയെന്നതാണ് യേശു പറഞ്ഞത് .
ഇത് തന്നെയാണല്ലൊ ഇടതു പക്ഷക്കാർ പറയുന്ന വിപ്ലവവും .
അതു കൊണ്ട് യേശു മറ്റുള്ളവർക്ക് വേണ്ടി കുരിശു മരണം വരിച്ച
ആദ്യത്തെ വിപ്ലവകാരിയെന്ന് പറഞ്ഞാൽ ഒരു തെറ്റും കാണാനാവില്ല .
വിപ്ലവം എന്ന വാക്കിന്റെ പേറ്റന്റ് കമ്മ്യൂണിസ്റ്റുകൾ എടുത്തിട്ടില്ല.
ആ വാക്ക് കേൾക്കുമ്പോൾ പുരോഹിത വർഗ്ഗം വിറളി പിടിക്കുകയും വേണ്ട .
അങ്ങനെ വിറളി പിടിച്ചാൽ അത് മറ്റൊരു രാഷ്ട്രീയത്തിന്റെ നിലപാടായി കാണേണ്ടി വരും

ശത്രുവിനെ സ്നേഹം കൊണ്ട്
കീഴടക്കി അവനെ നേടി
മറ്റുള്ളവർക്ക് മാതൃക കാണിച്ചു കൊടുക്കാനാണ് യേശു പറഞ്ഞത്
ത്യാഗമാകണമവന്റെ മതം
യേശുവിന്റെ അനുയായികളായവരും
അങ്ങനെ യായിരിക്കണം
യഥാർത്ഥ അനുയായിയെ അങ്ങനെ തിരിച്ചറിയാൻ കഴിയും .
പുരോഹിതരോട് കുരിശുമരണം ആരും ആവശ്യപ്പെടുന്നില്ല.
കുരിശിക്കിടന്നവനെ വിപ്ലവകാരിയന്ന് ഒരു പുരോഹിതൻ പറഞ്ഞതിന് സിനഡ് വിളിച്ച് അദ്ദെഹത്തെ ക്രൂശിക്കാൻ നിൽക്കരുത് .

ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷമുള്ള അമേരിക്കയും ബ്രിട്ടനും
നിരപരാധികളുടെ മേൽ ബോംബുകൾ വർഷിക്കുന്ന തെറ്റിനെതിരെ
സിനഡ് വിളിച്ച് ചർച്ച ചെയ്താൽ നന്നായി  .
സ്നേഹമെന്നത് പറയാനുള്ളത് മാത്രമല്ല പ്രകടിപ്പിക്കാനുള്ളത്
കൂടിയാണ് എന്ന് ഓർത്താൽ ഉപകാരം .
തന്റെ ആലയത്തെ ചന്തയാക്കരുതെന്ന് പറഞ്ഞ യെശുവിന്റെ ശിഷ്യന്മാർ ഇന്ന്
വിദ്യാഭ്യാസ ചന്തയും ആശുപത്രി ചന്തയും കുരിശു കൃഷിയും  നടത്തി കാശുണ്ടാക്കുകയാണ്
പള്ളീകളിൽ ക്യാഷ് കൗണ്ടറുകളുടെ എണ്ണം കൂടി വരുന്നതും
യേശുവിന്റെ കുരിശുമരണത്തിന്റെ ഓർമ്മക്കായി നടത്തുന്ന
കുർബാന തന്നെ ഈ കൗണ്ടറുകളിലൂടെ വിറ്റ് കാശാക്കുന്നതും
ഏത് സിനഡ് കൂടിയാണ് നിറുത്തുക .???????
ക്രൂശിത രൂപത്തിന്മേൽ നോക്കിയത് കൊണ്ട് ആരും വിശുദ്ധരാകുന്നില്ല . ഇല്ല..!!!!!!!!




Monday, February 13, 2012

വേണം മറ്റൊരു (MLA) സംസ്ക്കരം


നിയമ സഭാംഗങ്ങൾ തൊഴിൽ നികുതി കൊടുക്കേണ്ടതില്ലെന്ന
നിലപാട് തീർത്തും നിഷേധാത്മകമാണ് .
PSC വഴി തിരഞ്ഞെടുത്തവരല്ല MLA മാർ എന്നാണ് ഇന്നൊരു മന്ത്രി പ്രസംഗിച്ചത്. 
അത്തരം ഒരു പരീക്ഷ നിയമ സഭയിലേക്കുള്ള യോഗ്യതയായി നിശ്ചയിച്ചാൽ 
ഈ മന്ത്രിയുൾപ്പെടെ എത്ര പേർ നിയമ സഭ കാണുമെന്ന് ഓർക്കുന്നത് നന്നായിരിക്കും. 
വേതനമല്ല തങ്ങൾ വാങ്ങുന്നതെന്ന നമ്പർ കേരളത്തിൽ വിലപ്പോകില്ല സാർ. 
എന്ത് ഓമനപ്പേരിട്ടാലും കിട്ടണത് കാശല്ലാതെ വരുമൊ. 
മാത്രമല്ല പെട്ടിക്കടക്കാരനോടും പലചരക്ക് കടക്കാരനോടും 
തൊഴിൽ നികുതിയായി വാങ്ങുന്ന പണവും കൂട്ടിയാണൊ ബഡ്ജറ്റ് തയ്യാറാക്കുന്നതെന്ന് 
മാണിസാറിനോട് ചോദിച്ചാൽ പറഞ്ഞു തരും .
അതിനായി പാഴൂർ പടിക്കൽ പോകേണ്ടതില്ല
ഒരു പ്രതിപക്ഷ MLA മന്ത്രിയെ പിൻതുണച്ച് കൊണ്ട് പ്രസ്താവനയും ഇറക്കി
(രണ്ടുപേരും ഒരേ നാട്ടുകാരായി വന്നത് തികച്ചും യാദൃശ്ചികം മാത്രം) 


സെൻട്രലൈസ്ഡ് AC യുള്ള ഇവിടിരുന്നാണ് ഇവർ നമ്മെ ഭരിക്കുന്നത്
"പണത്തിന്റെ കാര്യം വരുമ്പോൾ (ഭരണ പ്രതിപക്ഷമില്ലാതെ) പിണവും വാപൊളിക്കും..".

ടെലിവിഷൻ ഓസിന് കൊടുത്തപ്പോൾ വങ്ങിക്കൊണ്ട് പോയ MLA മാരെ കണ്ടവരാണ് ഞങ്ങൾ . 
പിന്നെ ഈ പദവി കൊണ്ട് ജീവിതകാലം മുഴുവനും പെൻഷൻ കിട്ടുന്നുണ്ടല്ലൊ.
അതും വേണ്ടെന്ന് പറയാൻ എന്ത് "നീതി" ബോധമാണാവോ കെട്ടിയിറക്കേണ്ടത്  . 
സ്വന്തം സ്റ്റാഫിന് സർക്കാർ ഖജനാവിൽ നിന്നും വേതനം കൊടുക്കുന്നതും പെൻഷൻ 
ഉറപ്പാക്കുന്നതും ഏത് പെട്ടിക്കടക്കാരന് സാധ്യമായ കാര്യമാണ്  ????
അതു കൊണ്ട് ഞഞ്ഞാപിഞ്ഞാ പറയാതെ തൊഴിൽക്കരം 
കൊടുത്ത്  നാട്ടുകാർക്ക് മാതൃക കാണിക്ക്. അതാണ് നല്ലത്. 
അതു തന്നെ യാണ് ശരിയും 
ഇത് MP  മാർക്കും ബാധകമാണ് .
കേരളത്തിന്റെ പൊതു ബോധം ഇതിൽ എന്തു നിലപാടെടുക്കുമെന്ന് 
നോക്കിനിൽക്കുകയല്ല രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത് 
പ്രത്യേകിച്ച് ഇടത് പാർട്ടികൾ . 
അവിടെ വരുമാനത്തിന്റെ  നിശ്ചിത ശതമാനം ലെവിയായി പാർട്ടി വാങ്ങുന്നുണ്ട് . 
താഴെ പഞ്ചായത്ത് മെമ്പർ മുതൽ MP  മാർ വരെ ഇത് കൊടുത്തേ മതിയാവൂ . 
പണ്ടൊരു ഇടതുപക്ഷ MP പാർട്ടി വിട്ടു പോയപ്പോൾ സ്വന്തം പാർട്ടി 
ലെവി വാങ്ങിയതും ഒരു കാരണമായി പറഞ്ഞിരുന്നത് പത്രത്തിൽ വായിച്ചിരുന്നു. 
അതുകൊണ്ട് ഇടതു പക്ഷത്തെ പാർട്ടികൾ ഉടൻ 
ഇക്കാര്യത്തിൽ ഒരു നില പാടെടുത്തേ മതിയാവു. അതൊരു സാമൂഹ്യ ധർമ്മമാണ് .
മാറിനിൽക്കരുത് .
നിയമം എല്ലാവർക്കും ഒന്നാണ്. 
നിയമം ഇല്ലെങ്കിൽ അതുണ്ടക്കാനാണ് 
ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തയച്ചിരിക്കുന്നത്
അത് ചെയ്യുക . 
ഒഴിവു കഴിവല്ല പറയേണ്ടത് .

Thursday, February 9, 2012

ബസുമതി വിശേഷം

വിളഞ്ഞു നിൽക്കുന്ന ബസുമതിപ്പാടം


        ബിരിയാണിയുടെ സുഗന്ധം പരന്നാൽ 
നാവിൽ വെള്ളമൂറാത്ത മലയാളിയില്ല . 
ഒപ്പം നല്ല ബസുമതി അരിയുടെ വില 
കേട്ടാൽ ഞെട്ടുകയും ചെയ്യും . 
നമ്മുടെ നാട്ടിൽ  ബസുമതിയുടെ കൃഷിയില്ലാത്തതാണ് വില ഇത്ര ഉയരാൻ കാരണം . ചുണ്ടേക്കാട് പാടശേഖര സമിതി 
ഒരു പരീക്ഷണം നടത്തി . 
മണ്ണുത്തി കാർഷിക ഗവേഷണ ശാലയിൽ 
നിന്ന് വിത്ത് സംഘടിപ്പിച്ചു . 
120 ദിവസം വിളവുള്ള 
P1,P2,P3,P4 എന്നീ നാലിനം വിത്തുകൾ . 
ഉമ നെല്ലിന്റെ ഉയരത്തേക്കാൾ അല്പം കൂടി നീളമുണ്ട് .
ബാക്കിയെല്ലാം അതുപോലെ തന്നെ .
ഓല ചുരുട്ടിപ്പുഴു , ചാഴി ഇവയുടെ ശല്യം ഉണ്ടായിരുന്നു .
വലിയ വള പ്രയോഗമൊന്നും വേണ്ടി വന്നില്ല .
ഇപ്പോൾ കതിർ ചാഞ്ഞു കഴിഞ്ഞു . 
മോശമല്ലാത്ത വിളവുണ്ടാകുമെന്ന് മുതിർന്ന തലമുറ പറഞ്ഞു .
പരീക്ഷണം വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കയാണ് . 
എന്തായാലും നമ്മുടെ നാട്ടിലും ബസുമതി വിളയുമെന്ന് ഉറപ്പായി. 
എല്ലാവർക്കും താല്പര്യമുണ്ടെങ്കിൽ കൃഷിയിറക്കാം .
ചിലപ്രശ്നങ്ങൾ മാത്രം അപ്പോഴും അവശേഷിക്കുന്നുണ്ട്.
ബസുമതി നെല്ല് കുത്തുന്ന മില്ലുകൾ എറണാകുളം ജില്ലയിൽ ഇല്ല .
കോട്ടയം മലപ്പുറം ജില്ലകളിൽ ഉള്ളതായി അറിഞ്ഞു.. 
ഇനി ബസുമതിയുടെ ഗുണമായി പറയുന്ന യഥാർത്ഥ സുഗന്ധം 
കിട്ടണമെങ്കിൽ നെല്ല് നെല്ലായിത്തന്നെ ഒരു വർഷം സൂക്ഷിക്കണമത്രെ.

Friday, February 3, 2012

വേണം മറ്റൊരു (കാർഷിക) സംസ്ക്കരം

പ്രഥമ മേഖലയിൽപ്പെട്ട കൃഷി
ഇന്ന് കേരളത്തിൽ നഷ്ടമാണെന്ന് വിലപിക്കുന്നവരാണധികവും .
വറീതേട്ടനും മെമ്പർ സജിയും
അവരിൽ നല്ലൊരു പങ്കും പാടത്ത് ഇറങ്ങാത്തവരോ മറ്റുള്ളവരേക്കൊണ്ട് പണിയെടുപ്പിക്കുന്നവരോ ആണ്.
പിന്നെ പറയുന്ന കാര്യം നടാൻ ആളില്ല കൊയ്യാൻ ആളില്ല  പുല്ലുപറിക്കാൻ ആളില്ല
എന്ന സ്ഥിരം പല്ലവിയും .
കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും . ഏറ്റുപറയാൻ പറയാൻ ഒരുപാടു പേരും .
ഇങ്ങനെ ഉമ്മറത്തിരുന്ന് പ്രാകി കാലം കഴിക്കാമെന്നാണൊ കരുതേണ്ടത് . അങ്ങനെയാവുക വയ്യ .
ഒറ്റക്ക് മാറണം എന്ന് പറഞ്ഞത് കൊണ്ടായില്ല. സംഘം ചേർന്നാൽ നടക്കാത്തതായെന്തുണ്ട്. അത്തരം ഒരു കാർഷിക പരീക്ഷണമാണ് ചുണ്ടേക്കാട് പാടശേഖരത്ത് നടന്നത്. തുടക്കത്തിൽ നിരാശപ്പെടുത്താൻ
ഒരുപാട് പേരുണ്ടായിരുന്നു.
പ്രോൽസാഹിപ്പിക്കാൻ  ചുരുക്കം ചിലരും . നിഷേധം പറഞ്ഞ് ശീലിച്ച കുറേപ്പേർക്ക് ഇതൊരു വീണുകിട്ടിയ ചാകരയും . 
നടാൻ യന്ത്രമെത്തിയ സ്ഥലത്ത്
കൊയ്യാനും യന്ത്രമെത്തി .
നിരനിരയായി കൊയ്ത് മുന്നേറുന്നു

മുതിർന്ന കർഷകനായ വറീത്
ചേട്ടനും വാർഡ് മെമ്പർ സജീവും കൂടി കൊയ്ത്ത് ഉദ്ഘാടനം ചെയ് തു . അത്താണിയിലുള്ള കാംകൊയുടെ സഹകരണത്തോടെ അവർ പുറത്തിറക്കിയ പുതിയ കൊയ്ത്ത് യന്ത്രമാണ് ഉപയോഗപ്പെടുത്തിയത് .
ഇത് ഒരു പരീക്ഷണമാണ് . ഈ പരീക്ഷണത്തിൽ വിജയിച്ചാൽ ഇനി ഒരു പാട് പേർ തങ്ങളുടെ തരിശിട്ടിരിക്കുന്ന കൃഷി ഭൂമിയിൽ വിത്തിറക്കും .
കാലാനുസൃതമായ സാങ്കേതിക വിദ്യ ഉപയോഗിക്കാത്ത ആ പഴ മനസ്സിൽ നിന്ന് മാറാതെ
ഇനി നമുക്ക് മുന്നോട്ട് പോകുക വയ്യ .
തമിഴനെ കുറ്റം പറഞ്ഞ് കളിയാക്കി എത്ര നാളുകളിനി
ചാരു കസേരയിൽ ഇരിക്കാനാകും .
തരിശുരഹിത കേരളത്തിനായി ഇനി പണീയെടുക്കാം .
പാടം നികത്തി ഫ്ലാറ്റു പണീയുന്നവരോട് അരുതെന്ന് പറയാൻ
ഇനി തരിശു രഹിത പാടങ്ങളേ ഉണ്ടാകാവൂ .
മുദ്രാവാക്യങ്ങൾക്ക് ക്ഷാമമില്ലാത്ത നമ്മുടെ നാട്ടിൽ ഇനി പ്രവർത്തിയാണ് വേണ്ടത് .
നാലു വർഷത്തോളമായി തരിശിട്ടിരുന്ന ചുണ്ടേക്കാട് പാട ശേഖരത്തിനിത് സാധിച്ചാൽ
കേരളത്തിൽ എവിടെയും ഈ പരീക്ഷണം നടത്താവുന്നതേയുള്ളു .
വേണം മറ്റൊരു തൊഴിൽ സംസ്ക്കാരം .
വേണം മറ്റൊരു കാർഷിക സം സ്ക്കാരം
അതിനായി പടയണി ചേരുക .