Thursday, May 3, 2012

പല്ലിയുടെ വാൽ

അപ്രതീക്ഷിതമായിട്ടാണ് അയ്യാൾ  വീട്ടിലേക്ക് കടന്ന് ചെന്നത് .
മുഷിഞ്ഞു പിഞ്ഞിത്തുടങ്ങിയ കുപ്പായം .
അലസമായി കിടക്കുന്ന മുടി കൈ കൊണ്ട് കോതിയൊതുക്കി
വിനയാന്വിതനായി എം എൽ എ യെ തൊഴുതു .
തിരക്കൊഴിഞ്ഞ് വീട്ടിനകത്തേക്ക് പോകാൻ ഒരുങ്ങുമ്പോളാണീ വരവ് .
ജനപ്രതിനിധി ഏതു നേരത്തും ആരേയും സ്വീകരിക്കാൻ
തയ്യാറായിരിക്കണമെന്നാണ് ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത് .
നീരസം തോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല
ഒട്ടും പരിചയം തോന്നിയില്ല .
എന്നിട്ടും ഒരു ചിരിയോടെ വന്നകാര്യം തിരക്കി .
"ഒരു പ്രധാനപ്പെട്ടകാര്യം പറയാനാണ് വന്നത് "
യാതോരു മുഖവുരയുമില്ലാതെ അയ്യാൾ പറഞ്ഞു തുടങ്ങി .
വിശ്വസിച്ച് ഈ കാര്യം പറയാൻ പറ്റിയ ഒരാളേയും കണ്ടില്ല .
എം എൽ എ ഒന്ന് ഇളകിയിരുന്നു തന്റെ മുമ്പിൽ നിൽക്കുന്നയാൾ
തീരെ മോശക്കാരനല്ലെന്ന് തോന്നി .
ഇരിക്ക് സഖാവെ നമുക്ക് എന്ത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാം .
അതു തന്നെയാണ് എനിക്കും പറയാനുള്ളത്
ഈ പ്രശ്നത്തിന് എം എൽ എ തന്നെ പരിഹാരമുണ്ടാക്കണം
ഞാനിതു വീട്ടിൽ പറഞ്ഞപ്പോൾ എനിക്ക് ഭ്രാന്താണെന്നവർ വിധിച്ചു
അയാളുടെ കൈകൾ ചെറുതായ് വിറക്കുന്നുണ്ടെന്ന്
എം എൽ എ ക്ക് തോന്നി ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ല .
എം എൽ എ യുടെ മനസ്സ് പിന്നാക്കം പാഞ്ഞു

തന്റെ  കൈ വിറയൽ എം എൽ എ മനസ്സിലാക്കിയിരിക്കുന്നതായി അയ്യാൾ തിരിച്ചറിഞ്ഞു
ഇത്തവണ അല്പം ദയനീയ ഭാവത്തിലാണ് സംസാരം തുടങ്ങിയത് .
സാറെന്നോട് ദേഷ്യപ്പെടരുത് ഞാൻ അല്പം മദ്യം കഴിക്കുന്ന ആളാണ് .
അതു കൊണ്ടാണീ വിറയൽ
ഒരു സ്മാൾ അകത്ത്ചെന്നാ പിന്നെ കാര്യം ശരിയാകും .
അപ്പൊ പിരിവായിരിക്കും ലക്ഷ്യം എവനൊരു പുലിയാണല്ലൊ
എം എൽ എ ഒന്ന് അനങ്ങിയിരുന്നു. 
ഇവിടെയിപ്പൊ ചില്ലറ... .............
പൂർത്തിയാക്കൻ കഴിയുന്നതിൻ മുൻപ് അയ്യാൾ ഇടപെട്ടു.
എന്റെ കൈയ്യിൽ ആവശ്യത്തിന് പണമുണ്ട് സാർ
തഴമ്പ് പിടിച്ച കൈ നീട്ടിക്കണ്ട് അയ്യാൾ പറഞ്ഞു.
അല്പം ഇളിഭ്യത തോന്നാതെയിരുന്നില്ല .
എന്താണ് പറയാനുള്ളതെന്ന്  എം എൽ എ തിരക്കി .
ഞാൻ പള്ളിയിൽ എല്ലാഞായറാഴ്ചയും
പോകുന്നയാളായിട്ടും അച്ചനും എന്നെ കൈ വിട്ടുകളഞ്ഞു .
എനിക്കിനി  സാർ മാത്രമേയുള്ളു ആശ്രയം  അയ്യളൊന്ന് നിറുത്തി...
എനിക്കൊരു ഉറപ്പ് തരണം .
അതിപ്പൊ വിഷയം അറിയാതെ എങ്ങനെ ഉറപ്പ് തരും .
സാറ് വിചാരിച്ചാ നടക്കാത്ത കാര്യമല്ല.
എനിക്കാണെങ്കിൽ വേറെയാരോടും പറയാനുമില്ല .
എന്തായാലും പറയ് എന്നേക്കൊണ്ട് പറ്റിയതാണെങ്കിൽ തീർച്ചയായും നടത്തിത്തരാം
എം എൽ എ യുടെ ശബ്ദത്തിന് കനം വെച്ചു .

കഴിഞ്ഞ ദിവസം  നെഞ്ചിൽ ഒരു വേദന തോന്നി .
പിള്ളാര് ആശുപത്രീക്കൊണ്ട് പോയി
ഞാൻ പറഞ്ഞതാ വേണ്ടാന്ന്    വെറുതേ കാശു കളയാനായിട്ട്...
അയ്യാൾ ഒന്ന് നിറുത്തി. 
എന്നിട്ട് ഡോക്ടറെന്ത് പറഞ്ഞു  എം എൽ എ കുശലം നടത്തി
എന്താവാൻ സംഗതി അരിപ്പതന്നെ . ഇനി ചികിത്സിച്ചിട്ട് ഗുണമില്ലത്രെ
കൊറെ നാളായില്ലെ ഇത് തുടങ്ങിയിട്ട് ഞാൻ പ്രതീക്ഷിച്ചതാ......
സാരമില്ല എല്ലാം സഹിക്ക തന്നെ  എം എൽ എ ഫിലോസഫിക്കലായി
എന്നായാലും നാമെല്ലാം പോകാനുള്ളവരാണ് .
വിധിയെ തടുക്കുവാൻ നമുക്കാകില്ലല്ലൊ .

മരണത്തെ എനിക്ക് പേടിയില്ല . അതെന്നെങ്കിലും സംഭവിക്കട്ടെ .
പക്ഷെ മരിച്ചു കഴിഞ്ഞാ എന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൊടുക്കണം
ഇതു പറഞ്ഞിട്ട് അവമ്മാരു് സമ്മതിക്കണില്ല സാറെ
എം എൽ എ നിവർന്നിരുന്നു.

അന്നു നമ്മുടെ ആ പാലക്കലെ സാറിന്റെ  മൃതദേഹം
മെഡിക്കൽ കോളജില് കൊടുത്ത അന്നു മുതലുള്ള ആഗ്രഹമാണ് .
സാർ  എങ്ങനെയെങ്കിലും ഒന്ന് സാധിച്ചു തരണം .
എം എൽ എ ക്ക് അന്നാദ്യമായി ഒരു പച്ച മനുഷ്യനെ കണ്ടതായി തോന്നി .
എത്രയോ ആളുകൾ ഇവിടെ കയറിയിറങ്ങിയിരിക്കുന്നു.
സ്വന്തം കാര്യങ്ങൾക്ക് വേണ്ടി വന്നവരാണധികവും
ഇത്തരമൊരനുഭവം ആദ്യമായാണ് .
എം എൽ എ വികാരാധീനനായി  തീർച്ചയായും ഞാൻ ഇക്കാര്യം
ബന്ധപ്പെട്ടവരെ കണ്ട് പരിഹരിക്കാം . മാത്രമല്ല ഇപ്പൊ പെട്ടന്ന് വേണ്ട കാര്യവുമല്ലല്ലൊ
ആശ്വാസ വാക്കിനായി എം എൽ എ പരതി
ഞാനോ ഇങ്ങനെയായി  മൂത്തവൻ ഔസേപ്പുകുട്ടി നന്നായി പഠിക്കുമായിരുന്നു
അവൻ ഡോക്ടറാകണമെന്ന് ഒത്തിരി പറഞ്ഞിട്ടുള്ളതാ 
എന്റെ ഈ നശിച്ച കള്ളു കുടി കാരണം എല്ലാം കുഴഞ്ഞു
ഇത്തവണ തൊണ്ട ഇടറുന്നുണ്ടായിരുന്നു .
സാറെന്നെ ആത്മാർത്ഥമായി സഹായിക്കണം
ഒന്നും പറയാനാകും മുൻപ് അയ്യാളിറങ്ങി

ചിലപ്പോഴിങ്ങനെയാണ്  ചിലരെയെല്ലാം  നമുക്കറിയാൻ കഴിയില്ല .
അവർ മുൻ വിധികളെ തകർത്തു കളയും
താഴെ കിടന്ന പത്രം എടുത്ത് ടീപ്പോയിമേൽ വച്ചുകൊണ്ട് എം എൽ എ എഴുന്നേറ്റു
സാർ ഒരു സംശയം കൂടിയുണ്ട് .
പുറകിൽ വീണ്ടും അയ്യാൾ.
ഏതു സംശയത്തിനും മറുപടിയുമായി എം എൽ എ നിന്നു
ഈ മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയാൽ എന്താണ് ചെയ്യുക
സ്പിരിറ്റിലിട്ടു വെയ്ക്കും   ഉത്തരം ഉടനുണ്ടായി
"ഉറപ്പാണല്ലൊ " ചോദ്യം വീണ്ടും  വന്നു .
എം എൽ എ ഒരു നിമിഷം അനങ്ങാതെ നിന്നു
മുകളിൽ നിന്ന് എന്തോ ഒന്ന് കവിളിൽ തട്ടി താഴെ വീണ് കിടന്ന് പിടച്ചു
അതൊരു പല്ലിയുടെ വാലായിരുന്നു.













1 comment:

Cv Thankappan said...

നന്നായിരിക്കുന്നു രചന
ആശംസകള്‍