Wednesday, January 11, 2012

പട്ടുപാവാടയണിഞ്ഞ ഇരട്ടവാലി പെൺകുട്ടി

ചെന്നയ് സെൻട്രൽ സ്റ്റേഷനിൽ
രാവിലെ 6 മണിയോടെ എത്തിച്ചേർന്നു. തണുത്ത പ്രഭാതം.
കോറമണ്ഡൽ എക്സ്പ്രസ്സ് വരാൻ ഇനിയും 3 മണിക്കൂർ കൂടി കഴിയണം.
ഇന്നലത്തെ യാത്രാ സൗകര്യം ഇന്നില്ല .
RAC  യിലാണ് .Reservation against cancellation എന്ന് പൂർണ്ണ നാമം.
ഇതിനൊരു മലയാള പരിഭാഷഎന്താണെന്ന് അറിയില്ല .
"രണ്ട് ആളുകൾക്ക് ചേർന്നിരിക്കാം" എന്നാക്കിയാൽ തെറ്റാവുകയുമില്ല .
നാളെയാണെങ്കിൽ വെയ്റ്റിഗ് ലിസ്റ്റിലുമാണ് .
യാത്രക്കാർക്കുള്ള സഹായ കേന്ദ്രത്തിൽ പോയി ടിക്കറ്റ് ശരിയാക്കി വന്നു.
തമിഴ്നാട് ആന്ധ്രപ്രദേശ് ഒറീസ
പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ സൂപ്പർ ഫാസ്റ്റിന്
ആകെ 14 സ്റ്റോപ്പുകൾ മാത്രമേയുള്ളു .
മുഖം മിനുക്കിയ ചെന്നൈ സെൻട്രൽ
കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളായിരുന്നു എങ്ങും.ഉണങ്ങിത്തുടങ്ങിയ അരുവികൾ.
തേകി വറ്റിച്ച് മീൻ പിടിച്ച തോടുകളിൽ നിന്ന്
ചെറു മീനുകൾ പെറുക്കുന്ന കൊക്കുകൾ.
വേനൽ വരുന്നത് കൊണ്ട്  അധികം താമസിയാതെ അവയും
മറ്റൊരു താവളം നോക്കി പറന്നകലും.
ദേശാടനക്കിളികൾക്ക് ഭാഷയുടെ വൈരുധ്യവും
രാജ്യങ്ങളുടെ അതിരുകളുമില്ലല്ലോ.
അവയ്ക്ക് തോക്കുകളും കെണികളുമാണ് ജീവന്റെ അതിരുകൾ

വണ്ടി സംസ്ഥാനങ്ങൾ താണ്ടുമ്പോൾ
BSNL  ടവറുകൾ അറിയിപ്പു തന്നു കൊണ്ടിരുന്നു  .
അതായത് ഞങ്ങൾ റോമിങ്ങിലാണ്.

ഗോദാവരിയിൽ ഇപ്പോഴും വെള്ളമുണ്ട് .
വലിയ ഇരുമ്പ് പാലങ്ങൾ കടന്ന് വിശാഖപട്ടണത്ത് എത്തുമ്പോൾ
എതിരേറ്റത് 29 ആർച്ചുകളുള്ള വലിയോരു കോൺക്രീറ്റ് പാലം.
വിവിധ തരം കച്ചവടങ്ങൾ തകൃതിയായി നടക്കുന്ന ഒരിടമായി ഞങ്ങളുടെ ബോഗിയും മാറി .

ഹിജഡകളേക്കുറിച്ച്  മുന്നറിയിപ്പ്  സുദീറ ടീച്ചർ തന്നിരുന്നു .
സാരിയുടുത്ത് മേക്കപ്പിട്ട് സുന്ദരികളായി പുരുഷന്മാരോട് ചേർന്ന് നിന്ന്
പണത്തിനായി കൈനീട്ടുന്ന ഇവരെ ആരും നിരാശപ്പെടുത്തുന്നതായി കണ്ടില്ല.
ഒരേ സംസാര ശൈലിയും മുഖഛായയും ഇവരുടെ പ്രത്യേകതയായി തോന്നി .
കൂട്ടമായിട്ടാണ് വരവും പോക്കും . ഒരു പ്രത്യേക താളത്തിൽ കൈ കൊട്ടുന്നത് രസകരമായി .
പണം കൊടുക്കാത്ത പുരുഷന്മാരോട് ചേർന്ന് നിന്ന് ശല്യപ്പെടുത്തുന്നുമുണ്ടായിരുന്നു .
പറയുന്നത് മനസ്സിലാകാത്തത് കൊണ്ട് ഭാഷയിലെ നന്മ തിന്മകൾ അറിഞ്ഞുമില്ല .
കമ്പാർട്ട്മെന്റിൽ മിക്കവാരും ഹൗറയിലേക്കുള്ള ബംഗാളികൾ.
എനിക്കെതിർ വശത്ത് ഇരുന്നിരുന്ന ഒരാൾ മലപ്പുറത്ത്
പലയിടങ്ങളിലായി പണിയെടുക്കുന്ന ഒരു നിർമ്മാണത്തൊഴിലാളി .
കൽക്കട്ടയുടെ അഴുകിയ മുഖം അങ്ങേർ പ്രത്യേകം ഓർമ്മപ്പെടുത്തി .
കൽക്കട്ടയേപ്പറ്റി വായിച്ചറിഞ്ഞതിന്റെയത്രയൊന്നും ബംഗാളി മാമൻ പറഞ്ഞതുമില്ല .
സ്വന്തം നാടിനേക്കുറിച്ചാരും മോശമായി ചിത്രീകരിക്കില്ലല്ലോ.
ഉറക്കമൂണരുന്ന ചെന്നയ് സെൻട്രൽ
ആന്ധ്രയുടെ നെൽപ്പാടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ
അവരുടെ വിയർപ്പിൻ മുത്തുകൾ ഇവിടെ നെല്ലരിയായി, ചോറായി
തീൻ മേശക്ക് മുകളിൽ എത്തുന്നത് ഓർത്തു .

റെയിലിന് സമാന്തരമായി റോഡ് പോകുന്നുണ്ട് .
വാഹനപ്പെരുപ്പം കണ്ടിട്ട് നാഷണൽ ഹൈവെയാണെന്ന് തോന്നി .
ചിലപ്പോൾ റോഡ് ഇടത് വശത്തും ചിലപ്പോൾ വലതു വശത്തും.
പേരക്ക വിൽക്കാൻ വന്ന സ്ത്രീകളും പാൻ പരാഗ് വിൽക്കുന്ന പുരുഷന്മാരും ഉണ്ടായിരുന്നു.
പാൻ പരാഗ് ഇങ്ങനെ പരസ്യമായി വിൽക്കൻ പാടുണ്ടോയെന്ന
സംശയം പിന്നീടുള്ള ദിവസങ്ങളിൽ മാറി.

കൂട്ടത്തിൽ ഒരു ചെറു പെൺകുട്ടി .
പൊട്ടുകാളാണവളുടെ വിൽപ്പനച്ചരക്ക് .
പരമാവധി 7 വയസ്സ് തോന്നും.
ഉഷാറായി ഭയമില്ലതെ കച്ചവടം നടത്തുന്ന അവളോട് ആദരവ് തോന്നി.
നീളമുള്ള മുടി രണ്ടായി പിന്നി മടക്കിക്കെട്ടിയിട്ടുണ്ട് .
പട്ടു പാവടയാണ് വേഷം.
വളരെ ലാഘവത്തോടെ ആളുകളെ അവൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജീവിതാനുഭവത്തിന്റെ കൈമുതലാണവൾക്കുള്ളത്.


ഈ നിഷ്കളങ്കത എത്രനാൾ നില നിൽക്കും

രാത്രി തണുപ്പേറിയതായിരുന്നു.



No comments: