Friday, March 23, 2012

എളവൂർ പാറ


ഇവിടെ പണ്ടൊരു കൂറ്റൻ പാറയുണ്ടായിരുന്നു 
ഒരു അഞ്ചു നിലക്കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ .   
നമ്മുടെ പിതാമഹന്മാർ അതിൻ മുകളിൽ കയറിയിരുന്ന് 
മാനത്തോളം സ്വപ്നം കണ്ടു . സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെച്ചു . 
അവരുടെ ദുഖത്തിൽ കരഞ്ഞും സന്തോഷത്തിൽ ആഹ്ലാദിച്ചും 
അവരിലൊരാളായി പാറയങ്ങനെ തലയുയർത്തിനിന്നു.
അവരതിനെ എളവൂർ പാറയെന്ന് പേരിട്ടു 
ജന്മിമാരുടെ കണ്ണിലെ കരടായിത്തിർന്ന കീഴാളർക്ക് 
ഒളിക്കാൻ എളവൂർ പാറ താവളം നൽകി  .
സ്ഥിരം അന്തേവാസികളായിരുന്ന പാമ്പും പഴുതാരയും 
പെരുച്ചാഴിയും അതിഥിക്ക് പാർപ്പിടം ഒരുക്കി മാറി നിന്നു 

കയത്തിൻ നടുവിൽ
ഒരുനാൾ കൂർത്ത കമ്പിയും വലിയ ചുറ്റികയുമായി ചിലർ വന്നു    
അവരാ പാറയുടെ  പള്ളയിൽ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് തീ കൊടുത്തു . 
വലിയ ശബ്ദമുണ്ടാക്കി പാറക്കഷണങ്ങൾ ചിതറിത്തെറിച്ചു . 
തൊഴിൽ തേടി മനുഷ്യർ അരുകിലെത്തിയപ്പോൾ പാറക്ക് സന്തോഷമായി.



തന്റെ ശരീരം തകർന്നാലും ഈ പാവങ്ങളു ടെ പട്ടിണി മാറുമല്ലൊ 
അവരുടെ ജീവന്റെ തുടിപ്പുകളെ പാറ ഏറ്റുവാങ്ങി
പ്രണയവും വിവാഹവും പിറന്നാളും 
സ്നേഹവും വൈരവും എല്ലാം എല്ലാം വാർത്തകളായി
ലാഭക്കണ്ണുള്ള മുതലാളിക്ക് പട്ടിണി കാണാനായില്ല . 
തൊഴിൽ സമരത്തിന്റെ കൊടികൾ ഉയർന്നു 
മുദ്രാവാക്യങ്ങൾ വാനോളവും .ഒപ്പം നേതാക്കളൂം വളർന്നു വന്നു .
പതിയെ പതിയെ എളവൂർ പാറ മണി മന്ദിരങ്ങളിലൊളിച്ചു . 
പാറയുടെ ഹൃദയം തുരന്ന് തുരന്ന് അവർ വലിയൊരു  ഗർത്തമുണ്ടാക്കി . 
പ്രകൃതി കരഞ്ഞപ്പോൾ കുഴി നിറഞ്ഞ്  കിലോമീറ്ററുകൾ നീളുന്ന കയമുണ്ടായി .
തൊഴിലാളികൾ ഉയർത്തിയ കൊടികൾക്ക് കീഴിലൂടെ അവർ പടിയിറങ്ങി
വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു.
ഇപ്പോൾ കാറ്റുകൊള്ളാനാരും അവിടെ പോകാറില്ല . 
കാറ്റു പോലും വീർപ്പടക്കി  നിൽക്കുന്നു . 
എന്നോ പെയ്തൊഴിഞ്ഞ നല്ല നാളുകളെ ഓർത്ത് . 
എളവൂർ പാറയ്ക്ക് അരഞ്ഞാണം തീർത്തൊരു ജലാശയം
ഇരുളീന്റെ മറവിൽ ചിലർ ഒറ്റക്ക് 
ഇപ്പോഴും വരാറുണ്ട് . 
തന്റെ ദുഖങ്ങൾ മറക്കാനായി .
ആശ്വാസം കണ്ടത്തുവാനായി .
ആഴങ്ങളിലേക്ക് ഊളിയിടുമ്പോൾ 
പാറ ചോദിക്കും "എന്തിനാണിത് "
ജീവന്റെ അവസാന ശ്വാസത്തിനായൂള്ള പിടച്ചിലിനൊടുവിൽ 
പാറയുടെ ആഴങ്ങൾ ജഡത്തെ വാരിപ്പുണരുമ്പോൾ പാറക്ക് കേൾക്കാം
ഒരു ചതിയുടെ ,നിരാശയുടെ , ദാരിദ്ര്യത്തിന്റെ , അപകർഷതയുടെ 
തൊഴിലില്ലായ്മയുടെ , ചിത്ത ഭ്രമത്തിന്റെയെല്ലാം ചുടു നിശ്വാസങ്ങൾ
ചിലപ്പോഴൊക്കെ "ഞാൻ ചാടിയതല്ലല്ലോ എന്നെ ചാടിച്ചതല്ലേയെന്നും" കേൾക്കാം
അറിഞ്ഞ കഥകൾ ഗർഭത്തിൽ പേറീ പാറയങ്ങനെ നിൽക്കും
അറിയാത്ത കഥകളുടെ  പുലരൊളിക്കായി .
തന്നെ കാണാൻ വരുന്ന കുരുന്നുകൾക്കായി


അറിഞ്ഞിട്ടും പറയാതെ പോയ കഥകൾ കേൾക്കാൻ കതോർത്ത്
പിറ്റേന്ന് രാവിലെ ജനങ്ങൾ തടിച്ചു കൂടും 
ഇത്തവണത്തെ ഊഴം ആർക്കാണെന്ന് അറിയാൻ . 
മുഖം കണ്ട് പിന്തിരിഞ്ഞ് 
ഞെട്ടലോടെ നടക്കുമ്പോൾ 
അവർ തന്നത്താൻ പിറു പിറുക്കും 
ഇന്നലെയും ഞാൻ കണ്ടതാണല്ലൊ  
ഒരു വാക്ക് പോലും എന്നോട് 
പറയാതെ പോയതെന്തേ . 



ഈ നശിച്ച പാറ കാരണമാണിതെല്ലാം . അവർ ശപിക്കും 
എല്ലാ ശാപങ്ങളും ഏറ്റുവാങ്ങുമ്പോഴും
ഹൃദയത്തിൽ കനലുമായി ആരേയും പഴിക്കാതെ എളവൂർ പാറയങ്ങനെ
(ക്ഷമിക്കണം )എളവൂർ കയമങ്ങനെ നില കൊള്ളും 
ഇനിയാരും ഇതിലേ വരരുതെയെന്ന് 
വെറുതെ മോഹിച്ചു കൊണ്ട്
വെറുതേ...............

Wednesday, March 14, 2012

പൊങ്കാല സമരത്തിന് പേറ്റന്റ് എടുക്കാം


ആറ്റുകാൽ പൊങ്കാല പ്രശ്നത്തിനങ്ങനെ വിരാമമായി
ഇനി ആ പോലീസുകാരുടെ സസ്പെൻഷൻ . അതവർക്ക് പുത്തരിയല്ല
“കൊല്ലുവതും നീയേ രക്ഷിപ്പതും നീയേ”
അതും ആരും അറിയാതെ പിൻവലിക്കും അത്രതന്നെ .
ഇവിടെ രാഷ്ട്രീയ പാർട്ടിക്കാരുടെ ഇരട്ടത്താപ്പും വെളിവായി .
നാല് വോട്ടിന്റെ കാര്യം വരുമ്പോൾ എല്ലാ ആദർശങ്ങളൂം ചെപ്പിലൊളിക്കും
ഇടതന്മാരും വലതന്മാരും മത്സരിച്ചല്ലെ ആറ്റുകാലമ്മക്ക്  ജെയ് വിളിച്ചത്
കോടതിയാകട്ടെ വിശ്വാസികളുടെ കോടതിയും

നാട്ടിലുള്ള മനുഷ്യരുടെ ആവശ്യങ്ങൽക്ക് വേണ്ടി ഒരു സമരം നടത്തി
റോഡിലൂടെ കുറച്ചു പേർ നടന്നാൽ അത് മാർഗ്ഗ തടസ്സമായിടും.
എന്നാൽ റോഡിൽ അടുപ്പ് പൂട്ടി കഞ്ഞിവെച്ചാൽ അതും
ആയിരങ്ങൾ ലക്ഷങ്ങൾ ആയാൽ മാർഗ്ഗതടസ്സമല്ലതാനും.
ഭക്തിക്കച്ചവടത്തിന് ഒരു തടസ്സവുമില്ലെന്ന് തന്നെ സ്പഷ്ടം.
മൂന്നിഷ്ടികയും ഒരു കഞ്ഞിക്കലവും നാല് ചൂട്ടുമുണ്ടെങ്കിൽ
ഏത് റോഡും ആർക്കും തടസ്സപ്പെടുത്താം .
പേടിയുള്ളവർക്ക് പത്ത് രൂപാ മുടക്കി  വിവരാവകാശം പ്രയോഗിച്ച്
കോടതി വിധിയുടെ പകർപ്പെടുത്ത് കൈയ്യിൽ സൂക്ഷിച്ചാൽ മതിയാകും.
പൊങ്കാലയിട്ടുള്ള സമരം ഒരു പുതിയ സമര രൂപമാക്കി മാറ്റി പേറ്റെന്റ് എടുക്കുകയുമാകാം .
ഗാന്ധിജി സത്യാഗ്രഹത്തിന് പേറ്റന്റ് എടുക്കാതിരുന്നത് ഭാഗ്യം

ഒരു സംശയം അപ്പോഴും ബാക്കിയാവുന്നു.
കേസെടുത്ത ഏമാന്മാർക്ക് ഇത്തരമൊരു പുലിവാലിനേപ്പറ്റി
അറിയാതെയാവുമൊ FIR  തയ്യാറാക്കീട്ടുണ്ടാവുക.
അതിനുള്ള സാദ്ധ്യത തീരെ കുറവാണ് .
പിന്നെ എന്തിനാവും ഇത്തരമൊരു കാട്ടിക്കൂട്ടൽ
നാളെ ആരെങ്കിലും ഇതൊരു കേസായികൊണ്ടുവന്നാൽ തലയൂരാനുള്ള അടവായിരിക്കുമൊ
തീരെ ചിലവില്ലാതെ ഒരു കോടതി വിധി കിട്ടാനുള്ള സൂത്രമൊ
എന്നുവെച്ചാൽ ആറ്റുകാലമ്മയുടെ ഫാനുകളിൽ ചിലർ
പോലീസിലും ഉണ്ട് എന്നു തന്നെ കരുതാം
ഭരണ പക്ഷവും പ്രതിപക്ഷവും ഒരുമിച്ച്
ആറ്റുകാലമ്മക്ക് പൊങ്കാലയിട്ടപ്പോൾ ചിത്രം പൂർണ്ണം
1000 പേർക്കെതിരെ കേസെടുത്താൽ 10000എന്നെഴുതി പൊങ്കാലയിടാൻ
പത്രക്കാരുള്ളപ്പോൾ പിന്നെ എന്തിന് ശങ്കിക്കണം
സർക്കാർ ചിലവിൽ ആറ്റുകാലമ്മക്ക് ഒരു കോടതി വിധിയും തരപ്പെട്ടു
സംഗതി ശുഭം  ശുഭതരം

വാൽക്കഷ്ണം.ആറ്റുകാലമ്മക്ക്  ഏതെങ്കിലും കടപ്പുറത്തേക്ക്
ട്രാൻസ്ഫർ കൊടുത്താൽ പ്രശ്നം തീർക്കാം
കടപ്പുറത്താണെങ്കിൽ  മാർഗ്ഗതടസ്സം ഉണ്ടാവില്ല
പിന്നെ ഉണ്ടാവാൻ സാദ്ധ്യതയുള്ളത് സുനാമിയാണ്
അതിനെ തടയാൻ വേളാങ്കണ്ണി മാതാവിന് പോലും പറ്റിയില്ല
            അടുത്ത ഊഴം ആറ്റുകാലമ്മക്ക് കൊടുത്ത് ശക്തിപ്പരീക്ഷയുമാകാം
            മത്സരം വനിതകൾ തമ്മിലാവുമ്പോൾ ഉശിര് കൂടും

Monday, March 12, 2012

അങ്ങനെയെങ്കിലും രാജാവ് തുണിയുടുക്കട്ടെ

ചില മനുഷ്യർ ഇങ്ങിനെയാണ് വാ തുറന്നാൽ വികട സരസ്വതിയേ വരൂ
അവർ എത്ര വലിയവരായിട്ടെന്ത് കാര്യം അവസരം വരുമ്പോൾ തനി സ്വഭാവം പുറത്തു വരും
എന്നിട്ടത് നേരെയാക്കാൻ പിന്നെ പത്ര സമ്മേളനം വേറെയും
അതിൽ പണ്ടാരോ രക്ഷപ്പേടുത്താൻ പറഞ്ഞ ഒരു മുടന്തൻ ന്യായവും തട്ടിവിട്ടാൽ എല്ലാമായി .
അന്നത്തെ കീഴാളരുടെ ഭാഷയാണത്രെ ഇപ്പോൾ പറയുന്നത്
വളി വിടുക , തീട്ടക്കണ്ടി , ഒരുത്തി , വേശ്യ , സ്ത്രീയെ ഉപയോഗിക്കുക , എന്നിങ്ങനെ എന്തെല്ലാം
പദാവലികളാണ് അച്ചുനിരത്താനുള്ള ഈ പുതിയ വിജ്ഞാന കോശത്തിൽ ഉള്ളത് .

എന്നാ ഇതിനെയൊന്ന് നേരെയാക്കാ
പിണറായിക്ക് തീർച്ചയായും സ്വന്തം പാർട്ടിക്കാരനായത് കൊണ്ട് ന്യായീകരിക്കേണ്ടി വരും
എന്നാൽ എല്ലാ ഇസങ്ങൾക്കുമപ്പുറം ഒരു ചോദ്യം നിലനിൽക്കും
ഈ നാട്ടിൽ വേറെയാരും കീഴാളരുടെ കൂടെ ഭക്ഷണം കഴിച്ചിട്ടില്ലെ
അവരുടെ വീട്ടിൽ അന്തിയുറങ്ങിയിട്ടില്ലെ അവരോടൊപ്പം ജീവിച്ചിട്ടില്ലെ .
എ കെ ജി , ഇ എം എസ്, പി കൃഷ്ണപിള്ള , ഗൗരിയമ്മ , അഴീക്കോടൻ രാഘവൻ ,തോപ്പിൽ ഭാസി
തുടങ്ങിയവർക്കില്ലാത്ത ഇത്തരം  ഭാഷാ ചാതുരി പാർട്ടിയിലെ
ഈ ഉന്നത ശീർഷന് മാത്രം കരഗതമായത് എങ്ങിനെയാണാവോ .
ഒരു ഗവേഷണ വിഷയമായിട്ടിത് തെരഞ്ഞെടുത്താൽ ഡോക്ടറേറ്റ്  ഉറപ്പ്.
വീട്ടിലും ഇതൊക്കെ തന്നെയാവും വളമ്പുക അല്ലെ .

ന്നത്തെ കീഴാളരെല്ലാം ഇപ്പോൾ നല്ല മലയാളം പറയുമ്പോൾ
ഇദ്ദേഹം മാത്രം ഇപ്പോഴും പഴയ “പച്ച **$%&*@#* മലയാളം “
പറഞ്ഞു കൊണ്ടിരിക്കുന്നതിൽ എന്തോ പിശകുണ്ട് . 
അത് വിദഗ്ദ്ധർ പരിശോധിക്കേണ്ടതാണ്
അന്ന് നിന്നിരുന്ന മുട്ടറ്റം ചെളിയിൽ നിന്ന് അവരെല്ലാം കര കയറിപ്പോന്നിട്ടും
എന്തിനാ നേതാവേ അരയറ്റം ചേറിൽ നിന്ന്
അവർക്ക് വേണ്ടിയെന്ന് പറഞ്ഞ് മലയാള ഭാഷയെ കൊല്ലുന്നത് .
വനിതകളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് .
ലോക വനിതാ ദിനം കഴിഞ്ഞിട്ട്  മൂന്ന്  ദിവസം മാത്രമേ ആയിട്ടുള്ളു
വനിതകളുടെ അവകാശങ്ങൾക്ക് വേണ്ടി ഘോരഘോരം പ്രസംഗിച്ച
മഹിളാ രത്നങ്ങൾ തീർച്ചയായും സിന്ധു ജോയിയെപ്പറ്റിയുള്ള ഈ പരാമർശം
മോശമായിപ്പോയിയെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണം .
അവർ ഏത് പാളയത്തിലാണെന്ന് നോക്കിയല്ല അഭിപ്രായം പറയേണ്ടത്.
ടി എൻ സീമ ലഘുവായെങ്കിലും സത്യം പറയാൻ 
ധൈര്യം കാണിച്ചത് അഭിനന്ദനീയം തന്നെ
ജോർജ്ജ് ഈഡൻ പണ്ട് ഇത്തരം ഒരു പ്രയോഗം നടത്തിയപ്പോൾ  
ചെരിപ്പൂരിപ്പിടിച്ചത് ഞങ്ങൾ മറന്നിട്ടില്ല . 
വനിതകളുടെ ശൗര്യം പാർട്ടി നോക്കിയാകരുത്
രാജാവ് നഗ്നനാണെന്ന് പറയാൻ മടിക്കേണ്ടതില്ല . 
തിരുത്താൻ അതിടയാകുമെങ്കിൽ നല്ലത്
തിരുത്തിയില്ലെങ്കിൽ ഒരു വ്യക്തിയല്ല അപഹസ്യമാവുന്നത് പ്രസ്ഥാനമാണ് .
വില കുറയുന്നത് ആ പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച  ജനങ്ങൾക്കാണ്
ക്യാപ്പിറ്റൽ പണീഷ്മെന്റ് അവർക്കെതിരെയാകരുതെന്ന് ഓർമ്മിച്ചാൽ നന്ന് .



Saturday, March 10, 2012

മാഷുമ്മാർക്ക് പരീക്ഷാപ്പനി

മുല്ലാപ്പെരിയാർ പൊട്ടിയാലും ഇടുക്കിപൊട്ടിയാലും കുലുങ്ങാത്ത 
മാഷുമ്മാർക്ക്  ഒരു  പരീക്ഷാപ്പേടി തുടങ്ങിയിരിക്കുന്നു. 
പത്രമെടുത്തുനോക്കിയാൽ  ഇപ്പോൾ മാഷുമ്മാർക്കും 
മാഷത്തികൾക്കും വല്ലാത്തൊരു വെപ്രാളം. 
പുതിയ പാഠ്യ പദ്ധതി വന്നപ്പം 
കൊമ്പ് കുലുക്കി വാല് ചുഴറ്റി 
ചീറിയടുത്ത മറ്റു ചില പരിഷ്ക്കാരികളൂം 
ഇപ്പം ഒന്നും മിണ്ടുന്നില്ല. 
കലാധരൻ മാഷ് ചൂണ്ടുവിരലിൽ വിഷയം
 ഹോട് ന്യൂസായി കൊടുക്കുന്നുണ്ട് .
അല്ല മാഷേ ഈ പരീക്ഷേനെ 
എന്തിനാ നമ്മുടെ   
മാഷുമ്മാരുടെ കൂട്ടം പേടിക്കണെ . 
പീക്രിപ്പിള്ളാരുടെ പരീക്ഷാപ്പേപ്പറിൽ 
ചുവന്ന മഷിക്ക് വരച്ച് വരച്ച് 
ഇപ്പൊ സ്വന്തം തലവര വേറേ ആരങ്കിലും 
വരച്ച് കേടാക്കുമോന്ന പേടിയാണോ.
അതോ പഠി(പ്പി)ക്കാൻ വന്ന 
നേരം കൊണ്ട് വല്ല പാടത്തും ഉഴാൻ 
പോയിക്കൂടേന്ന് പണ്ട് ചോദിച്ചത് പാമ്പായി 
പിന്നാലെ കൂടുമോയെന്ന പേടീയൊ.    
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് 
പിള്ളാരെ പഠിപ്പിച്ചതും നമ്മളല്ലെ 
നമ്മുടെ ഈ തൊഴിലുറപ്പു പദ്ധതിക്ക് വേണ്ടി 
തൂമ്പക്ക് മൂർച്ച കൂട്ടാനും
വാക്കത്തി രാകി മിനുക്കാനും 
ചാണകക്കൊട്ട കയറിട്ട് മുറുക്കാനും 
ഇനി കൂലിക്കാളെ കൂട്ടേണ്ടി വരുമൊ. 

പരീക്ഷയടുക്കുമ്പോൾ അമ്പലത്തിലും 
പള്ളീലും പ്രാർത്ഥിക്കാൻ 
പോകുന്ന ആത്മ വിശ്വാസമില്ലാത്ത 
പള്ളിക്കൂടം പിള്ളാരേപ്പോലെ 
"ന്റെ കുട്ടീനെ "കൊള്ളാവുന്ന" സ്കൂളിൽ വിട്ടിട്ട് 
ഈ "കൊള്ളരുതാത്ത"വർക്ക് വേണ്ടി 
പഠിക്കണ്ട ഗതികേട് വന്നല്ലൊ 
പാറേമ്മാതാവേന്ന്" മുട്ടിപ്പായി 
പ്രാർത്ഥിച്ചാൽ പ്രശ്നം പരിഹരിക്കാനാവുമൊ ?.

പരീക്ഷാപ്പേടി നിമിത്തം ഈ 
മുതിർന്ന കുട്ടികൾക്ക് വല്ല കുരുത്തക്കേടും 
തോന്നിയാൽ തീർക്കാൻ ഒരു 24 
മണിക്കൂറും പ്രവർത്തിക്കുന്ന
ഒരു ഹോട് ലൈൻ ഹെൽപ്പ് 
ഡെസ്ക്കും ഉണ്ടാക്കിയാൽ നന്ന്