Friday, March 23, 2012

എളവൂർ പാറ


ഇവിടെ പണ്ടൊരു കൂറ്റൻ പാറയുണ്ടായിരുന്നു 
ഒരു അഞ്ചു നിലക്കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ .   
നമ്മുടെ പിതാമഹന്മാർ അതിൻ മുകളിൽ കയറിയിരുന്ന് 
മാനത്തോളം സ്വപ്നം കണ്ടു . സന്തോഷങ്ങളും ദുഖങ്ങളും പങ്കുവെച്ചു . 
അവരുടെ ദുഖത്തിൽ കരഞ്ഞും സന്തോഷത്തിൽ ആഹ്ലാദിച്ചും 
അവരിലൊരാളായി പാറയങ്ങനെ തലയുയർത്തിനിന്നു.
അവരതിനെ എളവൂർ പാറയെന്ന് പേരിട്ടു 
ജന്മിമാരുടെ കണ്ണിലെ കരടായിത്തിർന്ന കീഴാളർക്ക് 
ഒളിക്കാൻ എളവൂർ പാറ താവളം നൽകി  .
സ്ഥിരം അന്തേവാസികളായിരുന്ന പാമ്പും പഴുതാരയും 
പെരുച്ചാഴിയും അതിഥിക്ക് പാർപ്പിടം ഒരുക്കി മാറി നിന്നു 

കയത്തിൻ നടുവിൽ
ഒരുനാൾ കൂർത്ത കമ്പിയും വലിയ ചുറ്റികയുമായി ചിലർ വന്നു    
അവരാ പാറയുടെ  പള്ളയിൽ ദ്വാരമുണ്ടാക്കി വെടിമരുന്ന് നിറച്ച് തീ കൊടുത്തു . 
വലിയ ശബ്ദമുണ്ടാക്കി പാറക്കഷണങ്ങൾ ചിതറിത്തെറിച്ചു . 
തൊഴിൽ തേടി മനുഷ്യർ അരുകിലെത്തിയപ്പോൾ പാറക്ക് സന്തോഷമായി.



തന്റെ ശരീരം തകർന്നാലും ഈ പാവങ്ങളു ടെ പട്ടിണി മാറുമല്ലൊ 
അവരുടെ ജീവന്റെ തുടിപ്പുകളെ പാറ ഏറ്റുവാങ്ങി
പ്രണയവും വിവാഹവും പിറന്നാളും 
സ്നേഹവും വൈരവും എല്ലാം എല്ലാം വാർത്തകളായി
ലാഭക്കണ്ണുള്ള മുതലാളിക്ക് പട്ടിണി കാണാനായില്ല . 
തൊഴിൽ സമരത്തിന്റെ കൊടികൾ ഉയർന്നു 
മുദ്രാവാക്യങ്ങൾ വാനോളവും .ഒപ്പം നേതാക്കളൂം വളർന്നു വന്നു .
പതിയെ പതിയെ എളവൂർ പാറ മണി മന്ദിരങ്ങളിലൊളിച്ചു . 
പാറയുടെ ഹൃദയം തുരന്ന് തുരന്ന് അവർ വലിയൊരു  ഗർത്തമുണ്ടാക്കി . 
പ്രകൃതി കരഞ്ഞപ്പോൾ കുഴി നിറഞ്ഞ്  കിലോമീറ്ററുകൾ നീളുന്ന കയമുണ്ടായി .
തൊഴിലാളികൾ ഉയർത്തിയ കൊടികൾക്ക് കീഴിലൂടെ അവർ പടിയിറങ്ങി
വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു.
ഇപ്പോൾ കാറ്റുകൊള്ളാനാരും അവിടെ പോകാറില്ല . 
കാറ്റു പോലും വീർപ്പടക്കി  നിൽക്കുന്നു . 
എന്നോ പെയ്തൊഴിഞ്ഞ നല്ല നാളുകളെ ഓർത്ത് . 
എളവൂർ പാറയ്ക്ക് അരഞ്ഞാണം തീർത്തൊരു ജലാശയം
ഇരുളീന്റെ മറവിൽ ചിലർ ഒറ്റക്ക് 
ഇപ്പോഴും വരാറുണ്ട് . 
തന്റെ ദുഖങ്ങൾ മറക്കാനായി .
ആശ്വാസം കണ്ടത്തുവാനായി .
ആഴങ്ങളിലേക്ക് ഊളിയിടുമ്പോൾ 
പാറ ചോദിക്കും "എന്തിനാണിത് "
ജീവന്റെ അവസാന ശ്വാസത്തിനായൂള്ള പിടച്ചിലിനൊടുവിൽ 
പാറയുടെ ആഴങ്ങൾ ജഡത്തെ വാരിപ്പുണരുമ്പോൾ പാറക്ക് കേൾക്കാം
ഒരു ചതിയുടെ ,നിരാശയുടെ , ദാരിദ്ര്യത്തിന്റെ , അപകർഷതയുടെ 
തൊഴിലില്ലായ്മയുടെ , ചിത്ത ഭ്രമത്തിന്റെയെല്ലാം ചുടു നിശ്വാസങ്ങൾ
ചിലപ്പോഴൊക്കെ "ഞാൻ ചാടിയതല്ലല്ലോ എന്നെ ചാടിച്ചതല്ലേയെന്നും" കേൾക്കാം
അറിഞ്ഞ കഥകൾ ഗർഭത്തിൽ പേറീ പാറയങ്ങനെ നിൽക്കും
അറിയാത്ത കഥകളുടെ  പുലരൊളിക്കായി .
തന്നെ കാണാൻ വരുന്ന കുരുന്നുകൾക്കായി


അറിഞ്ഞിട്ടും പറയാതെ പോയ കഥകൾ കേൾക്കാൻ കതോർത്ത്
പിറ്റേന്ന് രാവിലെ ജനങ്ങൾ തടിച്ചു കൂടും 
ഇത്തവണത്തെ ഊഴം ആർക്കാണെന്ന് അറിയാൻ . 
മുഖം കണ്ട് പിന്തിരിഞ്ഞ് 
ഞെട്ടലോടെ നടക്കുമ്പോൾ 
അവർ തന്നത്താൻ പിറു പിറുക്കും 
ഇന്നലെയും ഞാൻ കണ്ടതാണല്ലൊ  
ഒരു വാക്ക് പോലും എന്നോട് 
പറയാതെ പോയതെന്തേ . 



ഈ നശിച്ച പാറ കാരണമാണിതെല്ലാം . അവർ ശപിക്കും 
എല്ലാ ശാപങ്ങളും ഏറ്റുവാങ്ങുമ്പോഴും
ഹൃദയത്തിൽ കനലുമായി ആരേയും പഴിക്കാതെ എളവൂർ പാറയങ്ങനെ
(ക്ഷമിക്കണം )എളവൂർ കയമങ്ങനെ നില കൊള്ളും 
ഇനിയാരും ഇതിലേ വരരുതെയെന്ന് 
വെറുതെ മോഹിച്ചു കൊണ്ട്
വെറുതേ...............

2 comments:

Cv Thankappan said...

ഇരിപ്പിടം വഴിയാണ് എത്തിയത്.
ബ്ലോഗിലെ എല്ലാ വിഭവങ്ങളും
ആദ്യം മുതല്‍ അവസാനം വരെ
കണ്ടു,ആസ്വദിച്ചു.
എല്ലാം നന്നായിരിക്കുന്നു.
ശ്രദ്ധേയമായ ഈ ഇതുവരെ
ശ്രദ്ധയില്‍ പെട്ടില്ലെന്നതാണ് അതിശയം!
ആശംസകള്‍
Word verification മാറ്റാമായിരുന്നു.

Chundekkad said...

ഞാൻ വളരെ താമസിച്ച് മാത്രം ഈ വ്ഴി വന്ന ഒരാളാണ്. മകന്റെ അച്ഛനായിട്ടാണെന്ന് പറയാം.പോരായ്മകൾ ചൂണ്ടിക്കാണിച്ചു തരുന്ന മുറക്ക് പരിഹരിച്ചു വരുന്നു. Word verification നെ പറ്റി പറഞ്ഞത് മനസ്സിലായില്ല സഹായിക്കണം. നന്ദി