Thursday, September 6, 2012

ഒരു കാഴ്ച


ഒരു രാത്രി കറന്റ് പോയാല്‍ K.S.E.B- യെ പഴിക്കുന്ന നമ്മള്‍ കാഴ്ച ഇല്ലാത്തവരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കാറുണ്ടോ. നിറവും രൂപവും എന്തെന്നറിയാത്തവര്‍. ശബ്ദത്തിലൂടെയും സ്പര്‍ശനത്തിലൂടെയും കാര്യങ്ങഅറിയാന്‍ വിധിക്കപ്പെട്ടവർ. അവര്‍ക്കും ജീവിതം ഉണ്ട്. അവരും നമ്മളെപ്പോലെ മനുഷ്യരാണ്. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യം വേറൊന്നുമില്ല. മരണശേഷം നശിച്ചുപോകുന്ന കണ്ണുകള്‍ ഒരാള്‍ ദാനം ചെയ്താല്‍ രണ്ടു പേര്‍ക്കു കാഴ്ച ലഭിക്കാന്‍ ഉപകരിക്കും.
ഏതാനും വര്‍ഷം മുന്‍പ് ഒരു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിനി അപകടത്തില്‍ മരിച്ചപ്പോള്‍ ആ കുട്ടിയുടെ മാതാപിതാക്കള്‍ നേത്രദാനത്തിനു മുന്നോട്ടു വന്നത് അന്നു വലിയ വാര്‍ത്തയായിരുന്നു. ഇതു മറ്റു പലര്‍ക്കും നേത്രദാനത്തിനു പ്രചോദനമാകുകയും ചെയ്തു.

എന്താണ്‌ നേത്രദാനം?

നേത്രപടല അന്ധത ബാധിച്ച ഒരു വ്യക്തിക്ക്‌ നേത്രപടലം മാറ്റിവയ്ക്കുന്ന
ശസ്ത്രക്രിയയിലൂടെ മാത്രമേ കാഴ്ച തിരിച്ചു കിട്ടുകയുള്ളു. മരിച്ച
ഒരാളില്‍ നിന്നും നേത്രപടലം (Cornea) എടുത്ത്‌ അന്ധനായ വ്യക്തിയുടെ
നേത്രപടലത്തിനു പകരം വച്ച്‌ പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ
വച്ചുപിടിപ്പിക്കാന്‍ മറ്റൊരു മനുഷ്യണ്റ്റെ നേത്രപടലമല്ലാതെ മറ്റൊന്നും
ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ മരിച്ച വ്യക്തികളുടെ നേത്രങ്ങള്‍
ദാനം ചെയ്താല്‍ മാത്രമെ ഈ ഹതഭാഗ്യര്‍ക്ക്‌ ലോകത്തിലെ സുന്ദരമായ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കഴിയുകയുള്ളു.

പ്രായോഗിക നേത്ര ദാന രംഗത്തെ പ്രശ്നങ്ങൾ

നേത്രദാന സമ്മതപത്രം നല്‍കുന്നതുകൊണ്ട്‌ മാത്രം നേത്രദാനം പ്രാവര്‍ത്തികമാ കുന്നില്ല. ഇന്ത്യയില്‍ ഒരോ വര്‍ഷവും ലക്ഷകണക്കിന്‌ ആളുകള്‍ നേത്രദാന സമ്മതപത്രം ഒപ്പിട്ട്‌ നല്‍കുന്നുണ്ട്‌, എന്നാല്‍ ലഭിക്കുന്ന കണ്ണുകളോ കേവലം രണ്ടായിരത്തോളവും. ഒരാള്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്‌ എന്നതു കൊണ്ട്‌ മാത്രം അയാളുടെ കണ്ണുകള്‍ നിര്‍ബന്ധപൂര്‍വം നീക്കം ചെയ്യാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ല. ഒരു മൃതദേഹത്തില്‍ നിന്ന് കണ്ണുകള്‍ എടുക്കാന്‍ പ്രധാനമായും വേണ്ടത്‌ ബന്ധുക്കളുടെ സമ്മതമാണ്‌. പലപ്പ്പ്പോഴും നേത്രദാനത്തിന്‌ എതിര്‌ നില്‍ക്കുന്നതും ബന്ധുക്കളാണ്‌. ബന്ധുക്കള്‍ക്ക്‌ സമ്മതമാണെങ്കില്‍ പോലും ഒരു മരണ വീട്ടില്‍ ആരും ഇക്കാര്യം ശ്രദ്ധിക്കുകയില്ല (അങ്ങിനെയൊരു മാനസികാവസ്ഥയിലായിരിക്കില്ല). മരണം കഴിഞ്ഞ്‌ ആറ്‌ മണിക്കൂറിനു ള്ളിലെങ്കിലും നീക്കം ചെയ്തില്ലെങ്കില്‍ ആ കണ്ണുകള്‍
ഉപയോഗശൂന്യമാവുകയും ചെയ്യും.

നേത്ര ദാനം എങ്ങനെ പ്രാവര്‍ത്തികമാക്കാം?

നിങ്ങളുടെ കുടുംബത്തില്‍ ഒരു മരണമുണ്ടായാല്‍ പരേതന്‍ മുന്‍കൂട്ടി തണ്റ്റെ
കണ്ണുകള്‍ ദാനം ചെയ്തിട്ടില്ലെങ്കില്‍ പോലും അടുത്തുള്ള നേത്രബാങ്കില്‍
എത്രയും വേഗം വിവരമറിയിക്കുക. പരേതണ്റ്റെ കണ്‍പോളകള്‍ അടച്ചതിന്‌ ശേഷം അതിന്‌ മുകളില്‍ നനഞ്ഞ പഞ്ഞിയോ തുണിയോ വയ്ക്കുക. ദാദാവ്‌
എവിടെയാണെങ്കിലും നേത്രബാങ്ക്‌ ടീം അവിടെയെത്തി കണ്ണുകള്‍ എടുത്ത്‌
മാറ്റുന്നതാണ്‌. മൃതദേഹത്തിണ്റ്റെ കണ്‍പോളകള്‍ക്ക്‌ കേട്‌ വരാതെ
അതിസൂക്ഷ്മമായി നേത്രഗോളങ്ങള്‍ എടുത്ത്‌ മാറ്റുന്നതിനാല്‍ പരേതണ്റ്റെ
മുഖത്ത്‌ യാതൊരു വൈരൂപ്യവും ഉണ്ടാകുന്നില്ല. നേത്രപടലം മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ ആവശ്യമുള്ള രോഗികളുടെ പേര്‌ നേത്രബാങ്കില്‍ റജിസ്റ്ററ്‍
ചെയ്തിരിക്കേണ്ടതാണ്‌. ഈ റജിസ്റ്ററിലെ മുന്‍ഗണനാ ക്രമത്തില്‍ രോഗികളെ
അറിയിച്ച്‌ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രത്യേകം പരിശീലനം ലഭിച്ച നേത്രരോഗ വിദഗ്‌ധര്‍ ശസ്ത്രക്രിയ ചെയ്ത്‌ നേത്രപടലം
മാറ്റിവയ്ക്കുകയും ചെയ്യുന്നു. ലഭികുന്ന കണ്ണുകള്‍ സൂക്ഷ്മ പരിശോധന
നടത്തി അവയുടെ ആരോഗ്യം ഉറപ്പ്‌ വരുത്തിയതിന്‌ ശേഷമേ അവ
ശസ്ത്രക്രിയയ്ക്ക്‌ ഉപയോഗിക്കുകയുള്ളു. ജീവിച്ചിരികുമ്പോള്‍ കണ്ണട
ധരിച്ചിരുന്ന ആളുടേയും, തിമിര ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ ആളുടേയും
കണ്ണുകള്‍ ദാനം ചെയ്യാവുന്നതാണ്‌. അവസരം നല്‍കിയാല്‍ രണ്ട്‌ ജന്‍മം
ജീവിക്കാനുള്ള കരുത്ത്‌ നേത്രപടലത്തിനുണ്ട്‌. കേരളത്തിലെ എല്ലാ
ഗവണ്‍മണ്റ്റ്‌ മെഡികല്‍ കോളേജുകളിലും, കണ്ണാശുപത്രി തിരുവനന്തപുരം,
ജില്ലാ ആശുപത്രികള്‍, ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അങ്കമാലി, മൌലാന
ആശുപത്രി പെരിന്തല്‍മണ്ണ, കോംട്രസ്റ്റ്‌ ആശുപത്രി കോഴിക്കോട്‌
എന്നിവിടങ്ങളിലും നേത്രബാങ്ക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. 
മരണംഅനിവാര്യമാണ്‌
എന്നാല്‍ നേത്രദാനത്തിലൂടെ മറ്റൊരാളിന്റെ കണ്ണുകളിലൂടെ
നേത്രദാദാവ്‌ പിന്നെയും കാണുന്നു, ജീവിക്കുന്നു.

കുറിപ്പ്‌:
 
1  സമ്മതപത്രത്തിന്റെ മൂന്ന്‌ പകര്‍പ്പെടുത്ത്‌ പൂരിപ്പിച്ച്‌
നല്‍കണം. അതില്‍ ഒന്ന്‌ രെജിസ്റ്റ്രേഷന്‌ ശേഷം നിങ്ങള്‍ക്ക്‌
മടക്കിത്തരും
2. നേത്രദാനം ചെയ്യുന്നത്‌ ജീവിച്ചിരിക്കുമ്പോഴാണെങ്കിലും സമ്മതപത്രം
പ്രാവര്‍ത്തികമാവുന്നത്‌ നേത്രദാദാവിണ്റ്റെ മരണശേഷമാണ്‌.
3. സമ്മത പത്രത്തില്‍ മേല്‍വിലാസം വളരെ വ്യക്തമായും വിശദമായും
കാണിച്ചിരിക്കണം. ഫോണ്‍ ഉണ്ടെങ്കില്‍ നമ്പരും.
4. മരണം സംഭവിച്ചു കഴിഞ്ഞാല്‍ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയുമായി
ബന്ധപ്പെടണം. മൃതദേഹം ആശുപത്രിയിലേക്ക്‌ കൊണ്ടുവരേണ്ടതില്ല. ഡോക്ടര്‍
നിങ്ങളുടെ വീട്ടിലേക്ക്‌ വരുന്നതായിരിക്കും. സാധിക്കുമെങ്കില്‍ ഒരാള്‍
വന്ന് ഡോക്ടറെ കൂട്ടികൊണ്ട്‌ പോകുന്നതായിരിക്കും നല്ലത്‌. ഡോക്ടര്‍
വരുന്നതിന്‌ ആംബുലന്‍സോ മറ്റേതെങ്കിലും ആശുപത്രി വാഹനമോ
ഉപയോഗിച്ചുകൊള്ളും.
5. മരണശേഷം 4 മണിക്കൂറിനുള്ളില്‍ കണ്ണുകള്‍ എടുക്കുന്നതാണു ഏറ്റവും
പ്രയോജനകരമാകുന്നത്‌, ൪ മണിക്കൂറ്‍ വരെയുമാകാം. 6 മണിക്കൂറിനു
ശേഷമാണെങ്കില്‍ പ്രയോജനമില്ലാതാകുന്നു.
6. കണ്‍പോളകള്‍ക്കു കേടുവരാതെ അതി സൂക്ഷ്മമായി നേത്രഗോളങ്ങല്‍ എടുത്തു
മാറ്റി കണ്‍പോളകള്‍ അടച്ചു കഴിഞ്ഞാല്‍ മൃതദേഹത്തിണ്റ്റെ മുഖത്ത്‌ യതൊരു
വൈരൂപ്യവും അനുഭവപ്പെടുകയില്ല.
7. താങ്കളുടെ വിലമതിക്കാനാകാത്തതായ 2 കണ്ണുകളും മരണത്തോടുകൂടി
എന്നെന്നെക്കുമായി നഷ്ടപ്പെട്ടുപോകുന്നു. അന്ധനായ ഒരാള്‍ക്ക്‌ ആ
കണ്ണുകള്‍ കാഴ്ച നല്‍കാന്‍ ഉപകരിക്കുമെങ്കില്‍ അത്‌ വലിയൊരു സേവനമല്ലെ?
8. രജിസ്ട്രേഷന്‍ കഴിഞ്ഞ്‌ തിരിച്ചു കിട്ടുന്ന ഈ സമ്മതപത്രം
കഴിയുമെങ്കില്‍ വീട്ടില്‍ ഫ്രെയിം ചെയ്തു സൂക്ഷിക്കുക. മരണം
സംഭവിക്കുമ്പോള്‍ നേത്രദാനത്തെക്കുറിച്ച്‌ ബന്ധുക്കള്‍ ഓര്‍ക്കുന്നതിനു
ഇത്‌ സഹായിക്കും. മാത്രമല്ല അത്‌ സഹജീവികളോടുള്ള താങ്കളുടെ
മനുഷ്യസ്നേഹത്തിണ്റ്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്യും.
9. തിരുവനനതപുരം കണ്ണാശുപത്രിയും കേരളത്തിലെ എല്ലാ മെഡിക്കല്‍
കോളേജുകളിലേയും, ജില്ലാ ആശുപത്രികളിലേയും നേത്ര ചികിത്സാ വിഭാഗങ്ങളും
നേത്രദാനം സ്വീകരികുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള അംഗീകൃത
സ്ഥാപനങ്ങളാണ്‌. താങ്കള്‍ താമസിക്കുന്നതിണ്റ്റെ ഏറ്റവും അടുത്തുള്ള
അംഗീകൃത സ്ഥാപനവുമായി ബന്ധപ്പെടുക.

1919 എന്ന് സൗജന്യ ബി എസ് എന്‍ എല്‍ നമ്പറില്‍ വിളിച്ചാല്‍ രാജ്യത്തെവിടെയും തൊട്ടടുത്ത നേത്രബാങ്കുമായി ബന്ധപ്പെടാന്‍ കഴിയും.

ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല ദാനം നേത്ര ദാനമാണ്,  
എന്നാല്‍ അത് പ്രാവര്‍ത്തികം ആകുന്നതോ മരണത്തിനു ശേഷവും. 
ഒരാള്‍ക്ക്‌ കാഴ്ച ദാനം ചെയ്യുക എന്നത് 
അയാള്‍ക്ക്‌ പുതിയ ഒരു ജീവിതം കൊടുക്കുന്നതിനു തുല്യമാണ്. 
നിങ്ങളിലൂടെ മറ്റുള്ളവര്‍ ഈ ലോകത്തെ കാണട്ടെ. 
ഈ ഭൂമി അവര്‍ക്കും കൂടിയുള്ളതാണ്...
(കടപ്പാട്)

1 comment:

Cv Thankappan said...

ഉപകാരപ്രദവും,സന്ദര്‍ഭോചിതവുമായ
ലേഖനം.
ആശംസകള്‍