Tuesday, January 31, 2012

സൈക്കിൽ റിക്ഷ ഒരു ജനകീയ വാഹനം

ന്യു ജെയ്പാൽപുരി സാമാന്യം വലിയ ഒരു റയിൽവേ സ്റ്റേഷനാണ് .
ആദ്യം വന്ന പ്രതിനിധികൾ ഞങ്ങൾ ആയതു കൊണ്ടും 
പരിഷത്ത് പ്രവർത്തരായതു കൊണ്ടും ഹൃദ്യമായിരുന്നു സ്വീകരണം .   
സിലിഗുരിയിലേക്ക്  5 മിനിറ്റ് യാത്ര  .റോഡുകൾ സാധാരണ നിലയിലുള്ളത് മാത്രം 
നല്ല തണുപ്പ് . പശ്ചിമ ബംഗ വിഗ്യാൻ മഞ്ചിന്റെ ജില്ലാ ഓഫീസിലാണ് എത്തിയത് . 
3 നിലകളുള്ള സാമന്യം നല്ല കെട്ടിടം . പണി പൂർത്തിയായി വരുന്നതേയുള്ളു..   

എറണാകുളം ഭവനിൽ എത്തിയ പോലെ തോന്നി .
കുട്ടികളിൽ രണ്ടു പേർ അവശതയിലായിരുന്നു രണ്ടും ആൺ പ്രജകൾ . 
പകലുറക്കവും മറ്റുമായി കൂടി   
പരിചയമില്ലാത്ത തെരുവിലൂടെ ഒറ്റക്കങ്ങനെ നടക്കണമെന്ന് തോന്നിയെങ്കിലും ഉപേക്ഷിച്ചു. കാണാത്ത നാടിന്റെ കേൾക്കാത്ത ഭാഷ കേട്ട് 
നാട്ടിൻ പുറത്തു കൂടിയുള്ള യാത്ര അതിന്റെ സുഖം  പറഞ്ഞറിയിക്കാനാവില്ല .
പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും എല്ലാവരും ഉഷാറായി. 
പകൽ തണുപ്പ് കുറവായിരുന്നു. 
കാഞ്ചൻ ജംഗ  ടെറസ്സിന്റെ മുകളീൽ നിന്ന് കാണുവാൻ കഴിഞ്ഞു .   
ഹിമവാന്റെ മടിത്തട്ടിലാണ് സിലിഗുരി പട്ടണം . 

കുട്ടികളും ടീച്ചറുമൊത്ത് വെറുതെ സവാരിക്കിറങ്ങി. 
പട്ടണത്തിലെ സാധാരണക്കാരുടെ ഇടയിലൂടെയുള്ള ഒരു അലസ യാത്ര 
ഇന്ത്യയുടെ ആത്മാവ് ഇവിടെയാണല്ലൊ.
അവസാനം ഒരു മാർക്കറ്റിലെത്തിപ്പറ്റി. 
എന്നാണാവൊ തീവണ്ടി അവസാനമായ് വന്നത്
സിലിഗുരിയിൽ നിന്നാരംഭിച്ച് 
ഡാർജിലിങ്ങിൽ അവസാനിക്കുന്ന  
ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നാരോ റെയിൽ ലയിനിന്റെ ഇരു വശങ്ങളിലായുള്ള
ഒരു താൽക്കാലിക മാർക്കറ്റ് ഒരു ദിവസം 2 രൂപയാണ് തറ വാടക .
ഒരാഴ്ച്ചത്തെ ഒന്നിച്ച് കൊടുത്താൽ മതി . രശീതും കിട്ടും .
എല്ലാത്തിനും കടുത്ത നിറം അനുഭവപ്പെട്ടു . ഒന്നും വാങ്ങാൻ തോന്നിയില്ല . 
വെറുതെ കാഴ്ച്ചകൾ കണ്ടു നടന്നു . മനുഷ്യർ എല്ലയിടത്തും ഒരു പോലെ തന്നെ 

അത്താഴത്തിനുള്ള വക തേടാനുള്ള തിരക്കിലുഴലുന്നവർ .

ഇന്ന് ക്രിസ്തുമസ് രാവാണ് ആകാശത്തൊഴികെ ഒരു നക്ഷത്രവും കണ്ടില്ല  . 
നസ്രാണികളില്ലാത്ത ഒരിടമൊ .അങ്ങനെയാവാൻ ഇടയില്ല . 
പുറമേനിന്നുള്ളവർ സ്വന്തം ഐഡന്റിറ്റി അറിയിക്കാതെ കഴിയാൻ ശ്രമിക്കുന്നതാവാം .
ജാതി സംഘർഷങ്ങൾ എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്നതാണല്ലൊ.
സിലിഗുരി സൈക്കിൾ റിക്ഷകളുടെ നഗരമാണെന്ന് തോന്നി
മാർക്കറ്റിലെ ജനകീയ വാഹനത്തിരക്ക്
സാധാരണക്കാരന്റെ ജനകീയ വാഹനം. 
ലാപ് ടോപ്പും പിടിച്ച് ഗമയിൽ 
പോകുന്നവരും ഉണ്ട് .
ചരക്ക് കയറ്റി പോകുന്ന സൈക്കിൾ റിക്ഷകളും ധാരാളം 
കേരളത്തിൽ ഓട്ടോ റിക്ഷ ഈ രംഗം കൈയ്യടക്കിക്കഴിഞ്ഞു
റിക്ഷവാലകൾ ഒരു വലിയ 
തൊഴിൽ ശക്തി തന്നെ 
രണ്ടു മനുഷ്യരെ കയറ്റാവുന്ന റിക്ഷയിൽ നാലും അഞ്ചും പേരെ കയറ്റി 
വളരെ കഷ്ടപ്പെട്ട് ചവുട്ടിപ്പോകുന്ന റിക്ഷാക്കാരെ കണ്ടപ്പോൾ വിഷമം തോന്നി  

ചുണ്ടിൽ ചായം തേച്ച് നടക്കുന്ന സ്ത്രീകളും
ചുണ്ടിന്നടിയിൽ  ലഹരി വസ്തു വൈക്കുന്ന പുരുഷന്മാരും സാധാരണം  
പോലീസുകാർ വരെ പറസ്യമായി തങ്ങളുടെ ഡ്യൂട്ടി സമയത്ത് ഇതു ചെയ്യുന്നുണ്ടായിരുന്നു
അതൊരസാധാരണ സംഭവമായി ആർക്കും തോന്നിയതുമില്ല

Thursday, January 19, 2012

ഹൗറ പാലത്തിന്റെ പ്രൗഡി ഇന്നും നശിച്ചിട്ടില്ല

ഹൗറ റയിൽവേ സ്റ്റേഷനിൽ 5 മണിക്കൂറിലധികം ചിലവഴിക്കേണ്ടിവന്നു.
ടിക്കറ്റ് വെയ്റ്റിഗ് ലിസ്റ്റിലായിരുന്നു .
പഴയ റയിൽവേ സ്റ്റേഷന്റെ പാർശ്വ വീക്ഷണം
RAC യിലെ ഇന്നലത്തെ അവസ്ഥ തന്നെ വളരെ പരിതാപകരമായിരുന്നു.
ഇന്ന് അത് പോലുമില്ല .RAC കിട്ടാനുള്ള സാദ്ധ്യത ടച്ച് സ്ക്രീൻ പറഞ്ഞു തന്നു
വളരെ വിദൂരമായ പ്രതീക്ഷ മാത്രം .
വെറുതെ ഒരു ശ്രമം നടത്തി നോക്കി.
PBVM  ജനറൽ സെക്രട്ടറിയെ വിളിച്ചു.
ചീഫ് കൊമേഴ്സ്യൽ മാനേജരെ കാണുവാൻ നിർദ്ദേശിച്ചു
റയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കി. മി. ദൂരെയാണ്  സി സി എം ഒഫീസ്.


ജനറൽ മാനേജരെ കാണുവാൻ പോയപ്പോഴുണ്ടായ മോശമായ
അനുഭവം ഒർത്തെങ്കിലും ഒന്ന് ശ്രമിക്കാമെന്ന് തന്നെ തീരുമാനിച്ചു.
വിലാസം വാങ്ങി സ്റ്റേഷന് പുറത്ത് കടന്നു. ഹൂബ്ലി നദിയ്ക്കക്കരെയാണ് ഓഫീസ്.
ബോട്ടിൽ കയറി നദി കടക്കുമ്പോൾ ഹൗറയിലെ
പഴയ ഇരുമ്പു പാലം ഒരു വശത്തും പുതിയ പാലം മറുവശത്തും ഞങ്ങൾക്ക് കാവൽ നിന്നു .
പഴയ പാലം ഒരു എൻജിനീയറിങ്ങ് വിസ്മയം തന്നെ .
പ്രൗഡി ഒട്ടും നശിക്കാതെ അതങ്ങനെ തലയുയർത്തി നിൽക്കുന്നു.
ബോട്ടിൽ നിന്നുള്ള കാഴ്ച്ച ആനന്ദകരമായി
CCM ലീവിൽ . അദ്ദേഹത്തിന്റെ PS വളരെ കാരുണ്യവാനായിരുന്നു
എമർജൻസി ക്വാട്ടയിൽ ഒരു 7 സീറ്റ് തരപ്പെടുത്തിത്തന്നു.
ബോട്ട് ജട്ടിയിൽ നിന്നുള്ള കാഴ്ച്ച
ട്രെയിൻപുറപ്പെടാൻ നേരമായപ്പോഴേക്കും കമ്പാർട്ട്മെന്റ് നേപ്പാളി മുഖമുള്ളവരേക്കൊണ്ട് നിറഞ്ഞു
പരിഭ്രാന്തിയുമായി ഒരു നേപ്പളി ദമ്പതികൾ ഞങ്ങൾക്കഭിമുഖമായി വന്നിരുന്നു .
ചുണ്ടത്ത് ചുവന്ന ചായം തേച്ച് ഹിംഗ്ലീഷു മായി
എത്തിച്ചേർന്ന ഇവരോട് പുച്ഛമാണ് തോന്നിയത് .
(ഒരു ശരാശരി മലയാളിയുടെ ശരാശരി വികാരം )
വിമാനത്തിൻ ടിക്കറ്റ് കിട്ടിയില്ല .
AC ഫ്സ്റ്റ് ക്ലാസിന് വെയ്റ്റിംഗ് ലിസ്റ്റ്
ക്യാൻസൽ ചെയ്തു.
സെക്കന്റ് ക്ലാസിലും വെയ്റ്റിങ്ങ് ലിസ്റ്റ് .
കൂടെ വന്നയാളെ നിരന്തരം ചീത്ത പറയുന്നുമുണ്ട്
ജാഢക്കൊട്ടും കുറവില്ല. ഭർത്താവ് രോഗിയാണ്.  അയ്യാൾ നിശ്ശബ്ദനായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോഴേക്കും വാല് മുറിഞ്ഞിരുപ്പായി .കണ്ടപ്പോൾ കഷ്ടം തോന്നി .
ഒരു ബർത്ത് അവർക്ക് ഷെയർ ചെയ്ത് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തു .

രാത്രിയിൽ അഖിൽ  മുകളിലെ ബർത്തിൽ നിന്ന് വാളു വച്ചു .
ഭക്ഷണം പിടിച്ചില്ലെന്ന് തോന്നി .ആകെ കുളമായി .
താഴെയിട്ടിരുന്ന ചെരുപ്പുകൾ ഛർദ്ദിലിൽ മുങ്ങി.
അതിൽ ജാഢക്കാരിയുടേതും ഉണ്ടായിരുന്നു .
വായിക്കാനറിയാത്ത ബംഗാളി ന്യൂസ് പേപ്പറിന്റെ
ഞങ്ങൾക്കുള്ള ഉപയോഗം ഛർദ്ദിൽ മൂടലിൽ ഒതുങ്ങി.

Tuesday, January 17, 2012

വായില്ലാക്കുന്നിലപ്പന്റെ നാവില്ലാ മക്കൾ.

കേരളത്തിൽ ഡിസംബർ മാസത്തിൽ ഫാൻ ഓൺ ചെയ്ത്
കിടന്നുറങ്ങി ശീലിച്ച ചിലർക്ക് രണ്ട് പുതപ്പ് ഉപയോഗിച്ചിട്ടും തണുപ്പ് മാറിയില്ല .
ട്രെയിനാണെങ്കിൽ തല വാലായും വാൽ തലയായും മാറി മാറി ഓടുന്നുണ്ട് .
ഇന്നലെ സൂര്യൻ ഉദിച്ചത് വലത് വശത്തും
ഇന്നത് ഇടത് വശത്തുമാണ് .
ദീർഘദൂര ട്രെയിനിൽ പ്രദേശവാസികളായവർക്കല്ലാത്തവർക്ക്
ദിക്കറിയണമെങ്കിൽ പ്രകൃതിശക്തികളെ കൂട്ടു പിടിച്ചല്ലാതെ പറ്റില്ല .
രാവിലെ ജനാലകൾ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ
കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ തന്നെയായിരുന്നു എതിരേറ്റത് .
പാടശഖരങ്ങളുടെ അതിരുകൾ അങ്ങ് ചക്രവാളം വരെ നീണ്ടു .

അദൃശ്യരായ ഒരുപാട്  മനുഷ്യരുടെ വിയർപ്പാണ് ഇന്ത്യയെ തീറ്റിപ്പോറ്റുന്നത് .
വായില്ലാക്കുന്നിലപ്പന്റെ നാവില്ലാ മക്കൾ.
അയ്യഞ്ച് വർഷം കൂടുമ്പോൾ ചൂണ്ട് വിരലിൽ മഷി പറ്റിക്കാൻ
ആർക്കോ വേണ്ടി ക്യൂ നിൽക്കുന്നവർ.
ജനാധിപത്യം അതാണല്ലൊ.
അഞ്ച് വർഷം കഴിയുമ്പോൾ അതു വരെയുള്ളതെല്ലാം
മറന്ന് പിന്നെയും പിന്നെയും വോട്ട് ചെയ്യാൻ എത്തുന്നവർ .
എന്തിന് വേണ്ടിയാണ് വിരലിൽ മഷി പറ്റിക്കുന്നതെന്ന്
അറിയാതെ വീണ്ടും വീണ്ടും വോട്ട് ചെയ്യുന്നവർ.

ഇപ്പോൾ പാളങ്ങൾ നീളുന്നത് ഒറീസ്സയുടെ ഹൃദയത്തിലൂടെയാണ്.
അധികം താമസിയാതെ ബംഗാളിലേക്ക് കടക്കും.
ഒരു ട്രാഫിക് ബ്ലോക്ക് കിലോ മീറ്ററുകൾ നീളുന്നത് കണ്ടു.
അതൊരു ചെക് പോസ്റ്റിൽ എത്തി നിന്നു .
അഴിമതിയുടെ ചെക് പോസ്റ്റാണതെന്ന് പറയേണ്ടതില്ലലോ.
യാത്രക്കിടയിൽ കണ്ട ഇരുമ്പ് പാലങ്ങൾ


തൊട്ടരുകിലെ ബെർത്തുകൾ ഒരു കുടുംബത്തിലുള്ളവരുടേതാണ് .
കണ്ടിട്ട് ബംഗാളികളാണെന്ന് തോന്നി.
വളരെ ആസ്വദിച്ചുള്ള ചീട്ടുകളി.മകന്റെ കൈയ്യിലുള്ള
ചീട്ടിലേക്ക് കുനിഞ്ഞു നോക്കുന്ന അഛനും അമ്മയുടെ കൈ എത്തി നോക്കുന്ന
അമ്മാവനും അടങ്ങിയ ഒരു കുടുംബ ചീട്ടുകളി സംഘം .
അഛൻ വളരെ രസികനാണ് .

കുട്ടികൾക്ക് യാത്ര ബോറടിച്ചു തുടങ്ങിയെന്ന് തോന്നി .


മടക്കിപ്പിടിച്ച രണ്ട് കൈ കൊണ്ടും ശരീരത്തിലടിച്ച് ശബ്ദമുണ്ടാക്കി
ശ്രദ്ധയാകർഷിക്കുന്ന ഒരു പയ്യൻ പിരിവിനായി വന്നു .
തീരെ ചെറിയ കുട്ടി.  ഇരു വശത്തുള്ള വാരില്ല് ഭാഗത്ത് തയമ്പിന്റെ പാടുകൾ കാണാം.

കമ്പാർട്ടുമെന്റിൽ മൊബൈൽ ചാർജ്ജ് ചെയ്യുന്നത് ഒരു പൊതു ഇടത്തിലാണ്
രണ്ടോ മൂന്നോ പ്ലഗ്ഗുകൾ കാണും . അവിടെ ഒരു തമിഴ് പയ്യനെ പരിചയപ്പെട്ടു.
രാജ് കുമാർ ക്രിക്കറ്ററാണ്    ഒറീസയിൽ നടക്കുന്ന
സ്റ്റേറ്റ് മീറ്റിൽ തമിഴ് നാടിനെ പ്രതിനിധീകരിച്ച് പോകുന്നു
കമ്പ്യൂട്ടർ എൻജിനീറിഗ് വിദ്ധ്യാർഥി. പയ്യന്റെ എളിമയും വിനയവും വല്ലാതെ ആകർഷിച്ചു . അതിനേക്കാൾ ആകർഷകമായത് പയ്യന്റെ ചിരിയായിരുന്നു.
ഞാനത് പറഞ്ഞപ്പോൾ നാണത്തൊടെ നന്ദി പറഞ്ഞു.
അഛൻ ചുമട്ട് തൊഴിലാളി .
സഹോദരൻ MBA  സഹോദരി 10 വിദ്ധ്യാർഥികളാണ്.
മിടുക്കനായി പഠിക്കണമെന്ന് പറഞ്ഞ് പിരിഞ്ഞു.

Wednesday, January 11, 2012

പട്ടുപാവാടയണിഞ്ഞ ഇരട്ടവാലി പെൺകുട്ടി

ചെന്നയ് സെൻട്രൽ സ്റ്റേഷനിൽ
രാവിലെ 6 മണിയോടെ എത്തിച്ചേർന്നു. തണുത്ത പ്രഭാതം.
കോറമണ്ഡൽ എക്സ്പ്രസ്സ് വരാൻ ഇനിയും 3 മണിക്കൂർ കൂടി കഴിയണം.
ഇന്നലത്തെ യാത്രാ സൗകര്യം ഇന്നില്ല .
RAC  യിലാണ് .Reservation against cancellation എന്ന് പൂർണ്ണ നാമം.
ഇതിനൊരു മലയാള പരിഭാഷഎന്താണെന്ന് അറിയില്ല .
"രണ്ട് ആളുകൾക്ക് ചേർന്നിരിക്കാം" എന്നാക്കിയാൽ തെറ്റാവുകയുമില്ല .
നാളെയാണെങ്കിൽ വെയ്റ്റിഗ് ലിസ്റ്റിലുമാണ് .
യാത്രക്കാർക്കുള്ള സഹായ കേന്ദ്രത്തിൽ പോയി ടിക്കറ്റ് ശരിയാക്കി വന്നു.
തമിഴ്നാട് ആന്ധ്രപ്രദേശ് ഒറീസ
പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ സൂപ്പർ ഫാസ്റ്റിന്
ആകെ 14 സ്റ്റോപ്പുകൾ മാത്രമേയുള്ളു .
മുഖം മിനുക്കിയ ചെന്നൈ സെൻട്രൽ
കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളായിരുന്നു എങ്ങും.ഉണങ്ങിത്തുടങ്ങിയ അരുവികൾ.
തേകി വറ്റിച്ച് മീൻ പിടിച്ച തോടുകളിൽ നിന്ന്
ചെറു മീനുകൾ പെറുക്കുന്ന കൊക്കുകൾ.
വേനൽ വരുന്നത് കൊണ്ട്  അധികം താമസിയാതെ അവയും
മറ്റൊരു താവളം നോക്കി പറന്നകലും.
ദേശാടനക്കിളികൾക്ക് ഭാഷയുടെ വൈരുധ്യവും
രാജ്യങ്ങളുടെ അതിരുകളുമില്ലല്ലോ.
അവയ്ക്ക് തോക്കുകളും കെണികളുമാണ് ജീവന്റെ അതിരുകൾ

വണ്ടി സംസ്ഥാനങ്ങൾ താണ്ടുമ്പോൾ
BSNL  ടവറുകൾ അറിയിപ്പു തന്നു കൊണ്ടിരുന്നു  .
അതായത് ഞങ്ങൾ റോമിങ്ങിലാണ്.

ഗോദാവരിയിൽ ഇപ്പോഴും വെള്ളമുണ്ട് .
വലിയ ഇരുമ്പ് പാലങ്ങൾ കടന്ന് വിശാഖപട്ടണത്ത് എത്തുമ്പോൾ
എതിരേറ്റത് 29 ആർച്ചുകളുള്ള വലിയോരു കോൺക്രീറ്റ് പാലം.
വിവിധ തരം കച്ചവടങ്ങൾ തകൃതിയായി നടക്കുന്ന ഒരിടമായി ഞങ്ങളുടെ ബോഗിയും മാറി .

ഹിജഡകളേക്കുറിച്ച്  മുന്നറിയിപ്പ്  സുദീറ ടീച്ചർ തന്നിരുന്നു .
സാരിയുടുത്ത് മേക്കപ്പിട്ട് സുന്ദരികളായി പുരുഷന്മാരോട് ചേർന്ന് നിന്ന്
പണത്തിനായി കൈനീട്ടുന്ന ഇവരെ ആരും നിരാശപ്പെടുത്തുന്നതായി കണ്ടില്ല.
ഒരേ സംസാര ശൈലിയും മുഖഛായയും ഇവരുടെ പ്രത്യേകതയായി തോന്നി .
കൂട്ടമായിട്ടാണ് വരവും പോക്കും . ഒരു പ്രത്യേക താളത്തിൽ കൈ കൊട്ടുന്നത് രസകരമായി .
പണം കൊടുക്കാത്ത പുരുഷന്മാരോട് ചേർന്ന് നിന്ന് ശല്യപ്പെടുത്തുന്നുമുണ്ടായിരുന്നു .
പറയുന്നത് മനസ്സിലാകാത്തത് കൊണ്ട് ഭാഷയിലെ നന്മ തിന്മകൾ അറിഞ്ഞുമില്ല .
കമ്പാർട്ട്മെന്റിൽ മിക്കവാരും ഹൗറയിലേക്കുള്ള ബംഗാളികൾ.
എനിക്കെതിർ വശത്ത് ഇരുന്നിരുന്ന ഒരാൾ മലപ്പുറത്ത്
പലയിടങ്ങളിലായി പണിയെടുക്കുന്ന ഒരു നിർമ്മാണത്തൊഴിലാളി .
കൽക്കട്ടയുടെ അഴുകിയ മുഖം അങ്ങേർ പ്രത്യേകം ഓർമ്മപ്പെടുത്തി .
കൽക്കട്ടയേപ്പറ്റി വായിച്ചറിഞ്ഞതിന്റെയത്രയൊന്നും ബംഗാളി മാമൻ പറഞ്ഞതുമില്ല .
സ്വന്തം നാടിനേക്കുറിച്ചാരും മോശമായി ചിത്രീകരിക്കില്ലല്ലോ.
ഉറക്കമൂണരുന്ന ചെന്നയ് സെൻട്രൽ
ആന്ധ്രയുടെ നെൽപ്പാടങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ
അവരുടെ വിയർപ്പിൻ മുത്തുകൾ ഇവിടെ നെല്ലരിയായി, ചോറായി
തീൻ മേശക്ക് മുകളിൽ എത്തുന്നത് ഓർത്തു .

റെയിലിന് സമാന്തരമായി റോഡ് പോകുന്നുണ്ട് .
വാഹനപ്പെരുപ്പം കണ്ടിട്ട് നാഷണൽ ഹൈവെയാണെന്ന് തോന്നി .
ചിലപ്പോൾ റോഡ് ഇടത് വശത്തും ചിലപ്പോൾ വലതു വശത്തും.
പേരക്ക വിൽക്കാൻ വന്ന സ്ത്രീകളും പാൻ പരാഗ് വിൽക്കുന്ന പുരുഷന്മാരും ഉണ്ടായിരുന്നു.
പാൻ പരാഗ് ഇങ്ങനെ പരസ്യമായി വിൽക്കൻ പാടുണ്ടോയെന്ന
സംശയം പിന്നീടുള്ള ദിവസങ്ങളിൽ മാറി.

കൂട്ടത്തിൽ ഒരു ചെറു പെൺകുട്ടി .
പൊട്ടുകാളാണവളുടെ വിൽപ്പനച്ചരക്ക് .
പരമാവധി 7 വയസ്സ് തോന്നും.
ഉഷാറായി ഭയമില്ലതെ കച്ചവടം നടത്തുന്ന അവളോട് ആദരവ് തോന്നി.
നീളമുള്ള മുടി രണ്ടായി പിന്നി മടക്കിക്കെട്ടിയിട്ടുണ്ട് .
പട്ടു പാവടയാണ് വേഷം.
വളരെ ലാഘവത്തോടെ ആളുകളെ അവൾ കൈകാര്യം ചെയ്യുന്നുണ്ട്.
ജീവിതാനുഭവത്തിന്റെ കൈമുതലാണവൾക്കുള്ളത്.


ഈ നിഷ്കളങ്കത എത്രനാൾ നില നിൽക്കും

രാത്രി തണുപ്പേറിയതായിരുന്നു.



Tuesday, January 10, 2012

സദീറ ടീച്ചർ തിരക്കിലാണ്

സിലിഗുഡിയിലേക്കുള്ള യാത്ര .
കുട്ടികളൂടെ അഖിലേന്ത്യാ ശാസ്ത്ര മേളയാണ് ലക്ഷ്യം.
ദാർവിഷിനെ കൂട്ടി അങ്കമാലി റയിൽവേ സ്റ്റേഷനിൽ എത്തി.
ലഗേജിന്റെ ഭാരം കൂടിയോ എന്നൊരു സംശയം.
ശ്രീലക്ഷ്മിയും മിനുവും താമസിയാതെ വന്നു . അവരുടെ കൈയ്യിലും ലഗേജ് കുറവല്ല.
നീണ്ട യാത്രയാണല്ലൊ എല്ലവരും വസ്ത്രം ധാരാളമായി കരുതിക്കാണും.
ശ്രീലക്ഷ്മി കന്നി തീവണ്ടി യാത്രയുടെ ഹരത്തിലാണ്.
എറണാകുളം സ്റ്റേഷനിൽ സദീറ ടീച്ചറും 3 കുട്ടികളും കൂടി തിരുവനന്തപുരത്ത് നിന്നും എത്തിയതായി ഫോൺ വന്നു.
ഇനി അഖിൽ രാജുവും വന്നാൽ എറണാകുളത്തുനിന്നും പുറപ്പെടാനുള്ളവരുടെ ക്വാറം തികയും.

നവനീത് തൃശ്ശൂർ നിന്നും കയറിയപ്പോൾ എല്ലാവരുമായി.4 ആൺകുട്ടികളും 4പെൺകുട്ടികളും ഞങ്ങളും കൂടി 10 പേർ .
കുട്ടികളുടെയും പെട്ടികളുടെയും ഇടയിൽ മുങ്ങിയ സദീറ ടീച്ചർ തിരക്കിലാണ്.
യാത്രയാക്കിയിട്ടും സംശയം തീരാത്ത രക്ഷിതാക്കളുടെ ഫോൺ വിളികളും കുറവല്ല.
കുട്ടികൾ ആദ്യമായിട്ടായിരിക്കും ഇത്രയധികം ദൂരത്തേക്ക് യാത്ര ചെയ്യുന്നത്.
പുറം കാഴ്ച്ചകൾ കണ്ടുകൊണ്ടിരുന്നെങ്കിലും ഹൗറയിൽ നിന്നും
വൈറ്റിഗ് ലിസ്റ്റിലുള്ള ടിക്കറ്റിനേപ്പറ്റിയായിരുന്നു ചിന്ത മുഴുവനും.
7 പണയപ്പാടുകളല്ലെ കയ്യിൽ . സുരക്ഷിതമായി തിരികെ എത്തിക്കും വരെ ചിന്തിച്ചേ പറ്റൂ.
പൊതിച്ചോറഴിച്ച് അത്താഴം ഉണ്ട് ബർത്തിൽ കയറിക്കൂടുമ്പോൾ
ഉറക്കത്തിനുള്ള താരാട്ട് പാട്ടുമായി തീവണ്ടിച്ചക്രങ്ങൾ കൂട്ടിനുണ്ടായിരുന്നു.
വെളുപ്പിന് ചെന്നൈയിൽ എത്തും. അവിടെ നിന്ന് കോറമണ്ഡൽ എക്സ്പ്രസ്സിന് ഹൗറയും .
പിന്നെ കാമരൂപ് എക്സ്പ്രസ്സിൽ ന്യു ജെയ്പാൽ പുരിയും.
അവിടെ നിന്ന് സിലിഗുരിയിലേക്ക് എത്ര ദൂരം കാണുമൊ ആവൊ.
നേരം പുലരുന്നതും കാത്ത് കിടന്നു.
ചില്ല് താഴ്ത്തി വച്ചിരുന്നെങ്കിലും തണുത്ത കാറ്റ്
ഇടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിയിറങ്ങി 
സ്വപ്നങ്ങൾ  കടന്നു വരാത്ത മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കം
.

Monday, January 9, 2012

ദാരിദ്ര്യം ഒരു ഇംഗ്ലീഷ് മീഡിയം തമാശ

അങ്കമാലിയിൽ നിന്ന് ബസ്സിൽ യാത്ര ചെയ്താൽ 
LF സംരക്ഷണ സമിതിയുടെ ബാനറുകൾ നിര നിരയയി വഴിയിൽ കാണാം. 
ഒരിടത്ത് സമരക്കാർ നക്സലുകളാകുമ്പോൾ  
മറ്റൊരിടത്ത് അവർ കത്തോലിക്ക സ്ഥാപനങ്ങളെ   
തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നവരായി മാറുന്നു  
പിന്നൊരിടത്താണെങ്കിൽ അവർ നിരീശ്വരവാദികളും . 
ഒരു തൊഴിൽ സമരത്തെയാണ് ഇങ്ങനെയൊക്കെ  വളച്ചു കെട്ടി  
ന്യൂനപക്ഷ വർഗീയതയായി പുറത്തെടുക്കുന്നത് .  
ഇതാരുടെ താല്പര്യം സംരക്ഷിക്കനാണെന്ന്  
രാഷ്ട്രീയ നേതാക്കൾ തുറന്ന് പറയേണ്ടതുണ്ട് .  
അതിന് ഇടത്തും വലത്തും നോക്കേണ്ടതില്ല. 
സമരക്കാരെല്ലാവരും അക്രൈസ്തവരാണെന്ന് വരുമൊ. 
അവരുടെ കുടുംബാംഗങ്ങൾ ഏതെങ്കിലും ഒരു രാഷ്ട്രീയ നിറത്തിന്റെ 
മാത്രം അവകാശികളാണെന്നും കരുതാമൊ. 
പ്രബുദ്ധ കേരളം ഇതിൽ പ്രതിഷേധിക്കണം  


അമൃതാനന്ദമയി ക്രിസ്ത്യാനിയും അമൃതയിൽ നടന്ന 
നഴ്സുമാരുടെ സമരം ക്രിസ്ത്യാനികൾക്കെതിരെയുള്ള സമരവുമായി  
അങ്കമാലിയിലെ ഈ ളോഹയിട്ട പുണ്യാളർ എന്നാണാവോ കാണാൻ തുടങ്ങിയത് .
ദാരിദ്ര്യ രേഖയിൽ ഒരിക്കലും ഇടം പിടിക്കതെ ജീവിക്കാൻ വകയുള്ളവരായ ഇക്കൂട്ടർക്ക്
ദാരിദ്ര്യം എന്നത് ആഴ്ച്ചയിലൊരിക്കൽ എടുക്കുന്ന ഉപവാസമാണ് 
അതാകട്ടെ BMI 25 ന് മുകളിലുള്ളവർക്ക് (മിക്കവരും അതാണല്ലൊ)
കുറക്കൻ വേണ്ടിയുള്ള ഏർപ്പാടും. 
അങ്ങനെയുള്ളവർക്ക് ദാരിദ്ര്യം എന്ന വാക്ക് ഒരു പബ്ലിക് സ്കൂളിലെ 
ഇംഗ്ലീഷ് മീഡിയം തമാശയായി മാത്രമേ കാണാനാവു

പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് എങ്ങനെയെങ്കിലും കരപറ്റാൻ
വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ കിടപ്പാടം വിറ്റും കടം വാങ്ങിയും
കൊടുത്ത പണം ഇവരൊക്കെത്തന്നെയല്ലെ വാങ്ങിയിട്ടുള്ളത് .
വേതനമായി അതിന്റെ പലിശയെങ്കിലും കൊടുത്തുകൂടെ
സമരം ചെയ്യുന്നത് കുറ്റമാണെങ്കിൽ മഹത്മ ഗാന്ധിയും ഒരു കുറ്റവാളിയാണ് 


സമരം ചെയ്യുന്ന കുട്ടികൾക്ക് ഒരു ഷാമയാന കെട്ടി 
അല്പം തണൽ കൊടുത്താൽ ആകാശം ഇടിഞ്ഞു വീഴുമൊ
നിങ്ങൾ പ്രസവിക്കൂ ഞങ്ങൾ നോക്കിക്കോളാം എന്ന് മുഴത്തിന് മുഴം ഇടയലേഖനം എഴുതുന്നവർ
കുട്ടികളെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലാകും 


(പുറമ്പോക്ക് കയ്യേറുന്നതും   ഇൻസിനേറ്ററിന്റെ പുകക്കുഴലിന്റെ മുകളിലേക്കുയർന്ന 
ആശുപത്രി കെട്ടിടത്തിലേക്ക് പുക കയറിയിട്ടും അനങ്ങാതിരിക്കുന്നതും
മുല്ലശ്ശേരി തോട്ടിലേക്ക് തള്ളുന്ന അറവുമാലിന്യങ്ങൾക്കിടയിൽ നിന്ന് 
വലിച്ചെടുക്കുന്ന കുടിവെള്ളം ആശുപത്രിയിൽ വിതരണം 
ചെയ്യുന്നതിനേപ്പറ്റിയും ഇല്ലാത്ത ഒരു സാമൂഹ്യ ബോധം ഇപ്പോൾ എവിടന്നാണാവോ ഉണ്ടായി വന്നത്. സമ്പത്തിന്റെ സംരക്ഷണ സമിതിക്കാർ    ഇതു കൂടെ പരിശോധിച്ചാൽ നന്നാവും . )


നിങ്ങൾ അന്നു് ബൈബിൾ നിലത്ത് വച്ച് എടുത്ത ഫോട്ടോ കാണിച്ച് ആശുപത്രി പ്രശ്നത്തെ വർഗീയമായി കത്തിച്ച്     
ഇടതു സർക്കാരിൽ നിന്ന്  ലക്ഷങ്ങളായി 
താലന്ത് വാങ്ങി പ്രശ്നം തീർത്തതിൽ നിന്ന് 
ഞങ്ങക്ക്  കാര്യം മനസ്സിലായി . 
പണത്തിന് മീതെ പരുന്തും പറക്കില്ല. മതവും പറക്കില്ല.


നിങ്ങൾ വിശ്വസിക്കുന്ന ദൈവം മുകളിലുണ്ടെങ്കിൽ അദ്ദേഹം ഇതെല്ലാം കാണുന്നുണ്ടെന്നും 
ന്യായവിധിനാളിൽ ഇതിനെല്ലാം കണക്ക് പറയേണ്ടിവരുമെന്നും ഓർത്താൽ നന്ന്


മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ 
കൂടെപ്പോരും നിൻ ജീവിത ചെയ്തികളും 
എല്ലാമെല്ലാം മാഞ്ഞടിയുമ്പോൾ