Friday, January 18, 2013

പനിക്കാനായ് കാത്തിരിക്കും കാലം

ഇന്ന് ഈ വേനലിൻ 
പൊരിവെയിൽ നേരത്ത്
വല്ലാതെ  കൊതിച്ചിടുന്നു 
പനി വരാനായ്
പൊള്ളിപ്പനിച്ച് പനിച്ച്
തീക്കനലായി കിടന്നിടുമ്പോൾ
അമ്മയിൻ ചുളിവാർന്ന 
കൈത്തലം കഴുത്തിൽ
ഒരു തണുത്ത സാന്ത്വനമായി 
തഴുകിയിറങ്ങുന്നതും
നനവാർന്ന തുണി കൊണ്ട്
പനിശ്ശീലയിടുന്നതും  
ഞാനിന്ന് വല്ലാതെ കൊതിച്ചിടുന്നു.
ആവി പറക്കുന്ന ചുക്കു കാപ്പിയിൽ 
സ്നേഹം ചാലിച്ച്
മോനിതങ്ങട് ഒറ്റവലിക്ക് 
കുടിക്കെന്ന് മൊഴിയുന്നതും
പുറത്തായ കാൽപ്പാദത്തെ 
പുതപ്പിനാൽ മൂടുന്നതും
ഈ മഴയെന്റെ കുട്ടിയ 
വലച്ചല്ലോയെന്ന് പിറുപിറുത്ത്
ജന്നൽപ്പാളി വലിച്ചടക്കുന്നതും 
കേട്ടുകിടക്കുവാനെന്തു രസം
അരുകിൽ കുറുകിയുറങ്ങുന്ന 
കുറിഞ്ഞിപ്പൂച്ചയെ
പുതപ്പിന്നുള്ളിലൊളിപ്പിച്ച്
അലസമായി മടിയനായി
പാഠങ്ങൾ പഠിക്കാതെ 
ഗൃഹപാഠം ചെയ്യാതെ 
ചുരുണ്ടു കൂടുവാനെന്തു സുഖം.
ഇന്നീ പൊരി വെയിൽ നേരത്ത്
ചുട്ടുപൊള്ളുന്ന കോൺക്രീറ്റ്
കൂരയ്ക്ക് താഴെ ഏകനായ് 
സ്കൂൾ ബസിൽ വരുന്ന 
പേരക്കിടാവിനെ 
കാത്തിരുന്ന് മടുക്കുമ്പോൾ
വല്ലാതെ കൊതിച്ചിടുന്നു 
പനി വരാനായ്


Sunday, January 13, 2013

അടിച്ചാൽ കുട്ടികൾ നന്നാവുമൊ



കുട്ടികൾ നന്നായി പഠിക്കാൻ വേണ്ടി
എന്തു ചെയ്യണമെന്ന് ചർച്ച ചെയ്യുകയായിരുന്നു ഞങ്ങൾ
സർക്കാർ സ്കൂളിന്റെ പി ടി , smc  സംയുക്ത യോഗം.
കുട്ടികളെ അടിച്ചാൽ അവർ നേരെയാകുമൊ
ആകുമെന്നാണ് BRC ടീച്ചറുടെ അഭിമതം
രക്ഷിതാക്കളിൽ ചിലരുടെ പക്ഷം
ചേർന്നു നിന്നിട്ടാണ് ടീച്ചറിത് പറഞ്ഞത്
കുട്ടികളുടെ അവകാശനിയമം ചർച്ചചെയ്യാനാണ്
ബി ആർ സി ക്കാർ എത്തിയത് തന്നെ.
ഒന്നാമത്തെ ടീച്ചർ ഇങ്ങനെയൊക്കെ
അവകാശ നിയമം പറഞ്ഞുകൊണ്ടിരുന്നപ്പോൾ
രണ്ടാമത്തെ ടീച്ചർ പങ്കെടുത്തവരുടെ
ഫോട്ടോയെടുപ്പും അവർക്കുള്ള
ഭക്ഷണച്ചിലവായ 100 രൂപ വിലയുള്ള
ഒപ്പിടീൽ കർമ്മത്തിലുമായിരുന്നു മുഴുകിയത്
ഒരു നാരങ്ങാ വെള്ളവും കുടിച്ചുകൊണ്ട്
ഞങ്ങളങ്ങനെ ഇരുന്നു
എല്ലാം ഒരു നടത്തീ തീർക്കലാണ്
മാസങ്ങൾക്ക് മുൻപ് SMC യുടെ
അവകാശാധികാരങ്ങളേക്കുറിച്ചുള്ള ക്ലാസ്
ബന്ധപ്പെട്ടവർക്കായി നടത്തുന്നതിനേപ്പറ്റി
പറഞ്ഞതിനുള്ള ഫണ്ടനുവദിച്ചതിന്റെ സന്തോഷം
പങ്കു വെച്ചുകൊണ്ടാണ് യോഗം തുടങ്ങിയത് തന്നെ 
(അടി കൊടുത്താൽ ഈ വക അദ്ധ്യാപകർ നന്നാവുമൊ
അതോ സമര സമയത്ത് ഉപയോഗിക്കുന്ന
കരി ഓയിൽ , നായ്ക്കുരണ പൊടി പ്രയോഗമായാലൊ)
ആനന്ദ ലബ്ദിക്കിനിയെന്തു വേണം
ഫണ്ട് കിട്ടിയ സ്ഥിതിക്ക്
ഇനിയെന്തോന്ന് അവകാശനിയമം
എന്തോന്ന് കുട്ടികൾ . ഫണ്ടല്ലേ രാജാവ്

Saturday, January 5, 2013

സാറെ സാറെ സാമ്പാറെ .

സാറെ സാറെ സാമ്പാറെ .
സാറിന്റെ സ്കൂളിൽ പുഴുവുണ്ടൊ .
ഉച്ചക്കഞ്ഞിക്കൂട്ടാനായ്
പുഴുവിൻ ഫ്രൈയും ചമ്മന്തീം .

വടിയരിപ്പുഴുവിന്നെരിശേരി
പച്ചരിപ്പുഴുവിന്നുപ്പേരി
പയറിലെപ്പുഴുവിന്നച്ചാറ്
മോരിലെപ്പുഴുവിൻ സംഭാരം

നീട്ടി വിളമ്പും നേരത്ത്
ക്യാമറക്കണ്ണൻ കാണണ്ട .
ചാനലുകാരെ കണ്ടാലോ
ടമ്പട പട പട 

ഠമ്പട പട പട
അമ്പട പട പട 

ഇടി പൂരം
ചാനലിൽ ലൈവായ് 

ഇടി പൂരം

Thursday, January 3, 2013

അനാമികയാണ് ഞാൻ



ഞാൻ അനാമികയാണ് .
മാനം കവരും  മുൻപ്
അവരെന്റെ മനസ്സ്  തകർത്തു .
പിന്നെ ശരീരത്തിലൂഴമിട്ടു .
ദില്ലിയുടെ അന്ധകാരത്തിലേക്ക്
വലിച്ചെറിഞ്ഞപ്പോൾ
എനിക്ക് മുഖമില്ലാതായി .
മാതൃ രാജ്യത്ത്
മരിക്കാനനുവദിക്കാതെ
വൈദേശിക  മരണം റപ്പാക്കി..
ഇരുളിൽ ചിത കൂട്ടി
ചാരം ഗംഗയിലൊഴുക്കി
ഓർമ്മകളെപ്പോലുമവർ
കടൽ കടത്തി .
ഞാനിന്ന്  വേദനയോടെ
ഞെട്ടലോടെ തിരിച്ചറിയുന്നു .
അമ്മയുടെ മടിയിലിരുത്തി
അഛൻ  ഈണത്തിലോതിയ
പേരുമെങ്ങോ ഒലിച്ചുപോയി .
ഞാനെനിക്കന്യയാണ്
മറ്റുള്ളവർക്ക്
ജ്യോതി നിർഭയ .
ഭാരതാംബയ്ക്ക്
ഞാനിന്നനാമികയും .