Friday, January 18, 2013

പനിക്കാനായ് കാത്തിരിക്കും കാലം

ഇന്ന് ഈ വേനലിൻ 
പൊരിവെയിൽ നേരത്ത്
വല്ലാതെ  കൊതിച്ചിടുന്നു 
പനി വരാനായ്
പൊള്ളിപ്പനിച്ച് പനിച്ച്
തീക്കനലായി കിടന്നിടുമ്പോൾ
അമ്മയിൻ ചുളിവാർന്ന 
കൈത്തലം കഴുത്തിൽ
ഒരു തണുത്ത സാന്ത്വനമായി 
തഴുകിയിറങ്ങുന്നതും
നനവാർന്ന തുണി കൊണ്ട്
പനിശ്ശീലയിടുന്നതും  
ഞാനിന്ന് വല്ലാതെ കൊതിച്ചിടുന്നു.
ആവി പറക്കുന്ന ചുക്കു കാപ്പിയിൽ 
സ്നേഹം ചാലിച്ച്
മോനിതങ്ങട് ഒറ്റവലിക്ക് 
കുടിക്കെന്ന് മൊഴിയുന്നതും
പുറത്തായ കാൽപ്പാദത്തെ 
പുതപ്പിനാൽ മൂടുന്നതും
ഈ മഴയെന്റെ കുട്ടിയ 
വലച്ചല്ലോയെന്ന് പിറുപിറുത്ത്
ജന്നൽപ്പാളി വലിച്ചടക്കുന്നതും 
കേട്ടുകിടക്കുവാനെന്തു രസം
അരുകിൽ കുറുകിയുറങ്ങുന്ന 
കുറിഞ്ഞിപ്പൂച്ചയെ
പുതപ്പിന്നുള്ളിലൊളിപ്പിച്ച്
അലസമായി മടിയനായി
പാഠങ്ങൾ പഠിക്കാതെ 
ഗൃഹപാഠം ചെയ്യാതെ 
ചുരുണ്ടു കൂടുവാനെന്തു സുഖം.
ഇന്നീ പൊരി വെയിൽ നേരത്ത്
ചുട്ടുപൊള്ളുന്ന കോൺക്രീറ്റ്
കൂരയ്ക്ക് താഴെ ഏകനായ് 
സ്കൂൾ ബസിൽ വരുന്ന 
പേരക്കിടാവിനെ 
കാത്തിരുന്ന് മടുക്കുമ്പോൾ
വല്ലാതെ കൊതിച്ചിടുന്നു 
പനി വരാനായ്


2 comments:

Cv Thankappan said...

ഇനിയും അമ്മയുടെ സ്നേഹപരിലാളനം ലഭിക്കുമോ?
നന്നായിരിക്കുന്നു
ആശംസകള്‍

Chundekkad said...

നന്ദി . അമ്മ തന്റെ 96 വയസ്സ് പൂർത്തിയാക്കി കാലയവനിയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇപ്പോൾ 4 വർഷമായി . നഷ്ടമാകുമ്പോളല്ലെ കിട്ടിയിരുന്നതിന്റെ വിലയറിയൂ .